ഫേസ്ബുക്കിലെ ഉപയോക്താക്കളെ പറ്റിച്ച് വളര്‍ന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ഒടുവില്‍ പൂട്ടുന്നു

ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 8.70 ലക്ഷം പേരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലിറ്റിക്ക് ഫേസ്ബുക്കിലൂടെ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടന്നു വരികയാണ്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തുവന്നതോടെ തങ്ങളുടെ ഇടപാടുകാര്‍ ഉപേക്ഷിച്ചെന്നും ഇനി ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചു. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Related posts