അതിരമ്പുഴ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് വ്യാപാരിയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്നു. അതിരമ്പുഴ പള്ളിമൈതാനം ജംഗ്ഷനിൽ സെന്റ് മേരീസ് ഷോപ്പിംഗ് കോംപ്ലക്സിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന അപ്പച്ചൻ തെങ്ങുംതോട്ടത്തിലിന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.
വിദേശത്തേക്ക് കൊണ്ടുപോകാൻ കുരുമുളകും ഇതര സുഗന്ധവ്യഞ്ജനങ്ങളും വാങ്ങാനെന്ന പേരിലാണ് യുവാവ് എത്തിയത്. അപ്പച്ചന്റെ വിദേശത്ത് ജോലിയുള്ള മകന്റെ പേരു പറഞ്ഞ് തങ്ങൾ സുഹൃത്തുക്കളാണെന്നു ധരിപ്പിച്ച് വിശ്വാസം ആർജിച്ചശേഷം തന്ത്രപൂർവമായിരുന്നു കവർച്ച.
അപ്പച്ചൻ ധരിച്ചിരുന്ന സ്വർണമാല ഇഷ്ടമായെന്നും അതുപോലൊന്ന് അമ്മയ്ക്ക് വാങ്ങണമെന്നും പറഞ്ഞ യുവാവ് മാല കാണിക്കാമോ എന്നു ചോദിച്ചു. അമ്മ കാറിൽ ഉടൻ എത്തുമെന്നുകൂടി പറഞ്ഞതോടെ അപ്പച്ചൻ മാല ഊരി മേശയിൽ വച്ചു. മാലയുടെ ഫോട്ടോ എടുക്കുന്നതിനിടെ വാങ്ങാനായി എടുത്തുവച്ചിരുന്ന സാധനങ്ങൾ ഒന്നിച്ച് ഇടാൻ കൂടു ചോദിച്ചു.
കൂട് എടുത്ത് തിരിഞ്ഞു നോക്കുമ്പോഴേക്കും യുവാവ് മാലയുമായി കടന്നുകളഞ്ഞു. അല്പം അകലെയായി നിർത്തിയിരുന്ന സ്കൂട്ടറിൽ കയറിയാണ് ഇയാൾ കടന്നുകളഞ്ഞത്.കഴിഞ്ഞ ജൂലൈ 16ന് സമാനമായ രീതിയിൽ മാർക്കറ്റ് ജംഗ്ഷനു സമീപം യൂസഫിന്റെ മലഞ്ചരക്ക് കടയിലും കവർച്ച നടന്നിരുന്നു. അന്ന് പണമാണ് കവർന്നത്.
കടയിൽ എത്തിയ യുവാവ് കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വാങ്ങാനെന്ന പേരിൽ തന്നെയാണ് എത്തിയത്. യൂസഫിന്റെ വിദേശത്തുള്ള മകന്റെ വിവരം അന്വേഷിച്ച് തങ്ങൾ സുഹൃത്തുക്കളാണെന്ന് പറഞ്ഞു. സാധനങ്ങൾ കൂടുകളിലാക്കിക്കഴിഞ്ഞപ്പോൾ എല്ലാംകൂടി ഒന്നിച്ചിടാൻ കൂടു വേണമെന്നു പറഞ്ഞു.
തൊട്ടടുത്ത കടയിൽനിന്ന് കൂടെടുത്ത് എത്തിയപ്പോൾ യുവാവിനെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് മേശവലിപ്പ് പരിശോധിച്ചപ്പോൾ സൂക്ഷിച്ചിരുന്ന 20,950 രൂപ കാണാനില്ലായിരുന്നു.അടുത്ത കടയിലെ സിസി ടിവി ദൃശ്യങ്ങളിൽനിന്ന് യുവാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങൾ സഹിതം ഏറ്റുമാനൂർ പോലീസിൽ പരാതി നല്കിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഈ ദൃശ്യങ്ങളിൽ കാണുന്ന യുവാവുതന്നെയാണ് അപ്പച്ചന്റെ കടയിൽ ഇന്നലെ എത്തിയതെന്നാണ് അപ്പച്ചനും തൊട്ടടുത്ത കടകളിലെ വ്യാപാരികളും പറയുന്നത്. ഈ യുവാവ് വ്യാഴാഴ്ച കടയുടെ പരിസരത്ത് ഏറെനേരം ചുറ്റിക്കറങ്ങിയിരുന്നതായും ഇവർ പറയുന്നുണ്ട്.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

