ചിങ്ങവനം: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരവധി പേരില്‍നിന്നു പണവും സ്വര്‍ണ ഉരുപ്പടികളും തട്ടിയെടുത്ത പാസ്റ്ററുടെ പേരില്‍ നിരവധി പരാതികള്‍. നാട്ടകം മുളങ്കുഴ, ജാസ് ആര്‍ക്കേഡില്‍ പാസറ്റര്‍ ടി.പി. ഹരിപ്രസാദി (45)നെതിരേയാണ് കൂടുതല്‍ പേര് പരാതികളുമായി രംഗത്തെത്തിയത്.
2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷന് ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ വിവിധ ആള്‍ക്കാരില്‍നിന്നു പണവും, സ്വര്ണഉരുപ്പടികളും തട്ടിയെടുത്തത്.
കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ കഴിഞ്ഞ എട്ട് മാസക്കാലമായി തമിഴ്നാട്, ബംഗളൂരു തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ പുലര്‍ച്ചെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍നിന്ന് 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മണര്‍കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. കുമരകം, ചിങ്ങവനം, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവം ഉള്ള പരാതികള്‍ ഇയാള്‍ക്കെതിരേ ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.