തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഹമീദ് നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്കളങ്കരായ രണ്ട് കുട്ടികളെയുൾപ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതിൽ പ്രായം പരിഗണിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
അതേസമയം, പ്രതിക്ക് ശ്വാസമുട്ടൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, പ്രായമടക്കം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ ശ്വാസംമുട്ടലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയിൽ പറഞ്ഞു.
വിചാരണ വേളയിൽ പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി മൊഴി മാറ്റിയെങ്കിലും കേസിനെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ല.

