ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ: ഇനിയുള്ള മൂന്നുദിനങ്ങൾ മുന്നണികൾക്കും സ്ഥാനാർഥികൾക്കും നിർണായകം.സ്ഥാനാർഥികളുടെ പര്യടനം എല്ലാ മുന്നണികളും രണ്ടുദിവസം മുന്നേ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തിയ ദേശീയ,സംസ്ഥാന നേതാക്കളുടെ പൊതുയോഗങ്ങളിലേക്കാണ് സ്ഥാനാർഥികൾ എത്തുവാൻ കൂടുതൽ സമയം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി രാവിലെ പാണ്ടനാട്ടിൽ മന്ത്രി ജി. സുധാകരനൊപ്പം ഭവന സന്ദർശനം നടത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങളിൽ പങ്കെടുത്താണ് പ്രചാരണങ്ങളിൽ മുഴുകിയത്. രാത്രി വൈകി ചെങ്ങന്നൂർ ടൗണിൽ നടന്ന യോഗത്തിലും പങ്കെടുത്താണ് പ്രചാരണം പൂർത്തകരിച്ചത്.
രാത്രിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യ ചുമതലക്കാരുമായി തെരെഞ്ഞെടുപ്പ് അവലോകനം നടത്തി. മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിൽ ഉണ്ട്.എന്നാൽ ഇന്നലെ മരണ വീടുകൾ സന്ദർശിക്കാനണ് യുഡിഎഫ് സ്ഥാനാർഥി ഉച്ചവരെ സമയം ചെലവഴിച്ചത്.
ഇന്നലെ മാത്രമായി അര ഡസനോളം മരണ വീടുകൾ സന്ദർശിക്കേണ്ടി വന്നു. തുടർന്ന് എ.കെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗങ്ങളിലും എത്തിയാണ് പ്രചാരണം നടത്തിയത്. ഇന്ന് ഇനിയും കാണുവാനുള്ളവരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കും.എൻഡിഎ സ്ഥാനാർത്ഥി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനൊപ്പം തെരെഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വൈകുന്നേരം മുതൽ പങ്കെടുത്തു.
രാവിലെ പാണ്ടനാട് തിരുവൻവണ്ടൂർ ഭാഗങ്ങളിൽ ഭവന സന്ദർശനവും നടത്തി. രാത്രിയിൽ ചെങ്ങന്നൂർ ടൗണിൽ ത്രിപുര മുഖ്യമന്ത്രി നടത്തിയ റോഡ് ഷോയിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഉപ തെരെഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ ആയുധങ്ങളിൽ ഒന്ന് ഇന്ധന വില വർധനവാണ്.
എന്നാൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ സമരം കൂടി സംഘടിപ്പിച്ചാണ് എൽഡിഎഫ്, യുഡിഎഫ് യുവജന സംഘടനകൾ പ്രതികരിച്ചത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ധവില വർധനവിനെതിരെ ഫുട്ബോൾ കളിച്ചാണ് പ്രതിഷേധിച്ചത്. ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം നടന്ന വ്യത്യസ്തമായ പ്രതിഷേധം ജനശ്രദ്ധയും പിടിച്ചുപറ്റി.
യൂത്ത് കോണ്ഗ്രസ് സൈക്കിൾ ചവിട്ടിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ചെങ്ങന്നൂരിൽ നിന്ന് മാന്നാറിലേക്കാണ് പ്രതിഷേധമായി സൈക്കിൾ റാലി സംഘടിപ്പിച്ചത്. നൂറുകണക്കിനു യുവാക്കൾ പങ്കെടുത്ത റാലി ഏറെ ശ്രദ്ധേയമായി. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്ത റാലി മാന്നാറിൽ സമാപിച്ചു. സമാപന യോഗം യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.