തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, പിഎ സുനീഷ്, സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെട്ട സംഘം അമേരിക്കയിലേക്ക് പോകുന്നത്.
എഐ കാമറ, കെ-ഫോണ് ഉൾപ്പെടെയുള്ള ഇടപാടുകളിൽ രേഖകൾ സഹിതം അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ സന്ദർശനങ്ങൾ സംസ്ഥാനത്തിന് കുടുതൽ ബാധ്യതകൾ മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും ജനങ്ങൾക്കൊ സംസ്ഥാനത്തിനൊ യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
അമേരിക്കയ്ക്ക് പുറമെ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജും മുഖ്യമന്ത്രിയെ അനുഗമിക്കും.
പതിനൊന്നാം തീയതി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തിലും പൊതു സമ്മേളനത്തിലും വിവിധ ഉദ്യോഗസ്ഥ സംഘവുമായുള്ള ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും.
പതിനെട്ടാം തീയതി വരെയാണ് മുഖ്യമന്ത്രി ഉൾപ്പെട്ട സംഘത്തിന്റെ അമേരിക്കൻ ക്യൂബൻ സന്ദർശനം.