തിരുവനന്തപുരം: പാർട്ടിയിൽ അതിശക്തനായി ഉയർന്നു വന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രി പദം വിഎസിൽ നിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
1987 ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.
1991 ൽ നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വിഎസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വിഎസ് പ്രതിപക്ഷനേതാവായി.1996 ൽ വിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് വി.എസ്. അച്യുതാനന്ദൻ സ്വന്തം തട്ടകമായ മാരാരിക്കുളത്ത് പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വിഎസിന്റെ കാത്തിരിപ്പു വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽ നിന്നു മത്സരിച്ച വിഎസ് വിജയിച്ചു. അപ്പോൾ മുന്നണി പരാജയപ്പെട്ടു.
2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വിഎസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു. അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു വിഎസിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി വിഎസിനു സ്ഥാനാർഥിത്വം നിഷേധിച്ചു.
ഇതിനെതിരേ കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നു വന്ന വൻപ്രതിഷേധം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടി വന്നു. അങ്ങനെ വിഎസ് മത്സരിച്ചു ജയിച്ച് 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.