തുറവൂര്‍: കുടിവെള്ളത്തിനായി തീരദേശ ജനത വീണ്ടും സമരത്തില്‍. കുത്തിയതോട് ഗ്രാമപഞ്ചായത്ത് തീരപ്രദേശമായ പള്ളിത്തോട് ഒന്നും പതിനാറും വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ളത്തിനായി ജനം സമരം തുടങ്ങിയിട്ട് 14 വര്‍ഷത്തിലേറെയായി.
ഉപജീവിനത്തിനായി കടലില്‍പോകുന്ന തീരവാസികള്‍ കുടിവെള്ളം വിലയ്ക്കുവാങ്ങിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. വളരെ ദുരിതത്തിലായ ജീവിതാവസ്ഥയില്‍ വര്‍ഷങ്ങളേറെയായി സമരപരിപാടികളുമായി മുന്നോട്ടുപോയിട്ടും ഇതേവരെ ഒരു പരിഹാരം ഉണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കോ വാട്ടര്‍ അഥോറിറ്റിക്കോ സാധിച്ചിട്ടില്ല.
കുത്തിയതോട് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തഹസില്‍ദാര്‍, എംഎല്‍എ, എംപി, ജില്ലാകളക്ടര്‍ – വാട്ടര്‍ അഥോറിറ്റിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവരെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഈ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് വാട്ടര്‍ അഥോറിറ്റി നിര്‍ദേശിച്ചത്. ഇതിനായി നാട്ടുകാര്‍ ചേര്‍ന്നു പണം മുടക്കി വാട്ടര്‍ അഥോറിറ്റിയെക്കൊണ്ട് പുതിയ എസ്റ്റിമേറ്റെടുക്കുകയും എംപിക്കും എംഎല്‍എക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
പക്ഷേ, ദുരിതമനുഭവിക്കുന്ന ഈ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വോട്ടു ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കടലോര ജനതയുടെ തീരുമാനം.