വാഷിംഗ്ടൺ ഡിസി: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ അറസ്റ്റിൽ. ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ധനും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായിരുന്ന ആഷ്ലി ടെല്ലിസ് ആണ് പിടിയിലായത്.
അതീവരഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുകയും പലതവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പത്തു വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ടെല്ലിസിന്റെ വിർജീനിയയിലെ വസതിയിൽനിന്ന് ആയിരക്കണക്കിന് പേജുകളുള്ള അതീവ രഹസ്യരേഖകൾ കണ്ടെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവായും പെന്റഗണിന്റെ ഓഫീസ് ഓഫ് നെറ്റ് അസസ്മെന്റ് കരാറുകാരനായും ടെല്ലിസ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഈവർഷം സെപ്റ്റംബർ, ഒക്ടോബറിൽ പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽനിന്ന് രഹസ്യരേഖകൾ കടത്തുകയും വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. ഒക്ടോബർ 11-ന് എഫ്ബിഐ ടെല്ലിസിന്റെ വീട്ടിൽനിന്നു നിരവധി രഹസ്യരേഖകൾ കണ്ടെടുത്തിരുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 15 ന് വിർജീനിയയിലെ ഫെയർഫാക്സിലുള്ള റസ്റ്റോറന്റിൽ ചൈനീസ് ഉദ്യോഗസ്ഥരുമായി ടെല്ലിസ് കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
2023 ഏപ്രിലിൽ വാഷിംഗ്ടണിൽവച്ചും ചൈനീസ് പ്രതിനിധികളുമായി ടെല്ലിസ് കൂടിക്കാഴ്ച നടത്തിയതായും എഫ്ബിഐ വെളിപ്പെടുത്തി. മുംബൈയിൽ ജനിച്ച ടെല്ലിസ് പിന്നീട് അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. ഷിക്കാഗോ സർവകലാശാലയിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ടെല്ലിസ് യുഎസ്-ഇന്ത്യ-ചൈന നയത്തിന്റെ വിശകലന വിദഗ്ധരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.