തിരുവനന്തപുരം: പാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ സംഭരണം ഊർജിതമായി നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി അടിയന്തര യോഗവും വിളിച്ചു. അധികമായി സംഭരിക്കുന്ന പാൽ അംഗനവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയാറാക്കി.
കൂടുതൽ പാൽ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയാറായിട്ടുണ്ട്. നിലവിൽ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുൻപ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം.
തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും അതിനുള്ള നടപടികൾക്ക് തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.