കോട്ടയം: എത്ര ഗൗരവക്കാരനാണെങ്കിലും സ്ഥാനാര്‍ഥിയായാല്‍ പുഞ്ചിരിച്ചേ പറ്റൂ. ചിരി മുഖവുമായി സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാലും ബോര്‍ഡുകളാലും നിറഞ്ഞിരിക്കുകയാണ് നമ്മുടെ ഗ്രാമങ്ങളും കവലകളും. സ്ഥാനാര്‍ഥി നിര്‍ണയം 95 ശതമാനം പൂര്‍ത്തിയായപ്പോള്‍ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചു പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ്.
പോസ്റ്റര്‍ ഫോട്ടോയും ചിരിയുമൊക്കെ ആശ്രയിച്ചിരിക്കും വോട്ടുകളുടെ എണ്ണം. സ്ഥാനാര്‍ഥികളുടെ ഫോട്ടോഷൂട്ട് തിരക്കിലാണ് സ്റ്റുഡിയോകളും ഫോട്ടോഗ്രഫര്‍മാരും. സ്ഥാനാര്‍ഥികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത് ഫോട്ടോഗ്രഫര്‍മാരുടെ കഴിവാണ്.
ഫ്ലക്സുകള്‍ക്ക് നിരോധനമുള്ളതിനാല്‍ മള്‍ട്ടി കളര്‍ പോസ്റ്ററുകളും ക്ലോത്ത് വുഡന്‍ ബോര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ഓഫ്സെറ്റ് പ്രസുകളിലും ക്ലോത്ത് പ്രിന്റിംഗ് കേന്ദ്രങ്ങളിലും തിരക്കോടു തിരക്കാണ്. പ്രത്യേകം പന്തലുകള്‍ തയാറാക്കിയാണു പലരും സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകളും പോസ്റ്ററുകളും തയാറാക്കുന്നത്.
സ്ഥാനാര്‍ഥിയുടെ മിഴിവുള്ള ഫോട്ടോ, മുന്നണി, മത്സരിക്കുന്ന വാര്‍ഡ്, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയാണു പോസ്റ്ററിലും ബോര്‍ഡിലുമുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ചിഹ്നം രേഖപ്പെടുത്താത്ത പോസ്റ്ററുകളും ബോര്‍ഡുകളാണ് ഒന്നാംഘട്ടത്തില്‍ ഉപയോഗിക്കുന്നത്.
ആറടി നീളവും നാലടി വീതിയുമുള്ള ക്ലോത്ത് ബോര്‍ഡിന് 500 രൂപ മുതല്‍ മുകളിലാണ് നിരക്ക്. തെരഞ്ഞെടുപ്പുകാലം ചാകരയാക്കി പലയിടത്തും ചാര്‍ജില്‍ വ്യത്യാസവുമുണ്ട്.

