കോഴിക്കോട്: ഒരു നാടിനെയാകെ നെടുകേ മുറിച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരാണ്ട് പൂര്‍ത്തിയാകുന്നു. ദുരന്ത നാൾവഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ സമാനതകളില്ലാത്തതായിരുന്നു.
ഇന്നും വയനാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ് ഈ ദുരന്തം. ഒരുവര്‍ഷം കഴിയുമ്പോര് സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ ഒരു നാടിനെയാകെ പുനര്‍നിര്‍മിക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽനിന്നു കളക്ടറേറ്റിലേക്ക് 30 -ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി.
ലഭ്യമാവുന്ന മുഴുവൻ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി ദുരന്ത മേഖലയിലേക്ക് സർക്കാർ എത്തിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, വിവിധ ജില്ലകളിൽ നിന്നെത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ എട്ടു കിലോ മീറ്ററിൽ 8,600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്.
മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി.ദുരന്തത്തിൽ പരിക്കേറ്റവർ 35 പേരാണ്.ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ മാർഗവും ഉപയോഗപ്പെടുത്തി.
മുണ്ടക്കൈ-അട്ടമല- പുഞ്ചിരിമട്ടം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരൽമലയിലേക്ക് എത്തിക്കാൻ ചൂരൽമലയിൽ സൈന്യം നിർമിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴികക്കല്ലായി. ജൂലൈ 31 ന് നിർമാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണു പൂർത്തിയാക്കിയത്.
സ്വന്തം ലേഖകന്‍