സഹപ്രവർത്തകരോട് മാന്യമായും സ്നേഹത്തോടെയും വേണം പെരുമാറാൻ അല്ലങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് കാണിച്ചുതരുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 64 -കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്സ് ജോലി സ്ഥലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുഷ്പ്രവർത്തികളെ കുറിച്ച് പരാതിപ്പെട്ടു.
സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട മോറിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ എന്ന ഇന്ത്യക്കാരി നിയമിതയായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ ജിസ്നയ്ക്ക് അനുവാദമില്ലാതിരുന്നതിനാൽ അവർക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല.
ജിസ്ന പലപ്പോഴും ഹോവിസണിനെ അവഗണിക്കുകയും സംസാരിക്കുമ്പോൾ ഇവരെ നോക്കി കണ്ണുരുട്ടുകയും ചെയ്തുവെന്നായിരുന്നു ഹോവിസണിന്റെ പരാതി. ജിസ്നയുടെ ഇത്തരം സമീപനം കാരണം ജോലിസ്ഥലത്ത്വച്ച് കരയേണ്ട അവസ്ഥ വരികയായിരുന്നുവെന്നും അവർ ട്രൈബ്യൂണലിനോട് വ്യക്തമാക്കി.
ഹോവിസണിന്റെ പരാതിയിൽ എഡിൻബർഗ് ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ, പരുഷമായതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതുംവിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റമായിരുന്ന ജിസ്നയുടെ പക്കൾ നിന്നും ഹോവിസൺ നേരിട്ടതെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.