കോട്ടയം: ഇടത് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാനുള്ള പോരാട്ടത്തിനൊപ്പം പുതിയ കേരളത്തിനായുള്ള കര്‍മ പദ്ധതികളും തയാറാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സ്പെഷല്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരേയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയും സമരങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ യുവതലമുറയെ അടുത്തറിയാനും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള നാടിന്റെ വികസനത്തിനും ഊന്നല്‍ നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല.
യുവാക്കള്‍ വലിയൊരു വിഭാഗം തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോകുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇവരെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പദ്ധതി വേണം. വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.
പുതിയ കേരളത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ കഴിയണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് ദീപ ദാസ് മുന്‍ഷി പറഞ്ഞു.
രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ചരിത്രസംഭവമാക്കാനും യോഗം തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ആന്റോ ആന്റണി എംപി, നേതാക്കളായ വി.പി. സജീന്ദ്രന്, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, പി.എ. സലിം, ജോസി സെബാസ്റ്റ്യന്‍, കുര്യന് ജോയി, ടോമി കല്ലാനി, പി.ആര്. സോന, ഫില്‍സണ്‍ മാത്യൂസ്, ജോഷി ഫിലിപ്പ്, സുധാകുര്യന്, പി.എസ്. രഘുറാം, കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.