ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിനും അകാലമരണവും തമ്മിൽ ബന്ധമില്ലെന്നു പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് 40 വയസിനു താഴെയുള്ളവരിൽ ഹൃദയാഘാതനിരക്കു വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണു കണ്ടെത്തലുകൾ.
യുവാക്കളിലെ കോവിഡ്-19 വാക്സിനുകളും ഹൃദയാഘാതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജീവിതശൈലിയും മുൻകാല അവസ്ഥകളുമാണ് മരണങ്ങൾക്കു പിന്നിലെ പ്രധാനഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തി.
18-45 ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.
2023 മേയ് മുതൽ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47ഓളം ആശുപത്രികളിലാണു പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനെന്നു തോന്നുന്ന, അപ്രതീക്ഷിതമായി മരിച്ച വ്യക്തികളിലാണു പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.