കൊച്ചി: അശ്ലീല വീഡിയോ കേസിലെ തെളിവായി എത്തിയാല്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി.
അശ്ലീല വീഡിയോ കാസറ്റ് വിറ്റ കേസില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷയാണു റദ്ദാക്കിയത്.
1997ല്‍ ഒമേഗ വീഡിയോസ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റെയ്ഡ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പത്തു കാസറ്റുകള്‍ പോലീസ് പിടിച്ചെടുത്തു.
അശ്ലീല വസ്തുക്കളുടെ വില്പനയും വിതരണവും കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292(2)(എ), (സി), (ഡി) എന്നിവ പ്രകാരമാണു ഹര്‍ജിക്കാരനെതിരേ കേസെടുത്തത്.
കാസറ്റുകള്‍ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു തഹസില്‍ദാരുടെയും വാക്കാലുള്ള സാക്ഷ്യത്തെ മാത്രമാണു വിചാരണക്കോടതി ആശ്രയിച്ചതെന്നും കാസറ്റുകള്‍ പരിശോധിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് വാദിച്ചു.
വീഡിയോ കാസറ്റ് പോലുള്ള പ്രാഥമിക തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അത് അശ്ലീലമാണോയെന്നു തീരുമാനിക്കാന്‍ കോടതി അതിന്റെ ഉള്ളടക്കം കാണുകയും വിലയിരുത്തുകയും ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്ഥിരീകരണമില്ലാതെ സാക്ഷികളുടെ വിവരണങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒരു കുറ്റം നിലനില്ക്കാന് പര്യാപ്തമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.