ആലപ്പുഴ: കോവിഡനന്തരം ചെറുപ്പക്കാരിൽ ഹൃദ്രോഗസാധ്യത വർധിച്ചെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ. അന്താരാഷ്ട്ര ഹൃദയദിനത്തോടനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച സേവ് എ ഹാർട്ട് സ്റ്റാർട്ട് സിപിആർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഴഞ്ഞുവീണുള്ള മരണം ചെറുപ്പക്കാരിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായിട്ടുള്ള ജീവിതശൈലി, ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ലഹരി വസ്തുക്കളുടെ വർജനം, കൃത്യമായ രോഗപരിശോധന എന്നിവയിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ആശുപത്രിയുടെ വിവിധ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമായി സിപിആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. അജിത് കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ, പൾമനറി മെഡിസിൻ വിഭാഗം മേധാവി ഡോ. വേണുഗോപാൽ, ആർഎംഒ ഡോ. ലക്ഷ്മി, ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു. സിപിആർ പരിശീലന പരിപാടികൾക്ക് ഡോ. അമ്പിളി, ഡോ. സഞ്ജയ്, ഡോ. നിതിൻ കെ. മോഹൻ, പ്രസന്ന ബാബു എന്നിവർ നേതൃത്വം നൽകി.