ഇന്‍ഡോര്‍: ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്തു തെരുവിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്നു പ്രതിയുടെ പിതാവ്.
ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ പെൺകുട്ടി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
“ഇങ്ങനെയുള്ള ഒരാൾക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാൻ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാൽ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്റെ മകനായാലും. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.
സംഭവം നടന്ന ശേഷവും അവന് വീട്ടില്‍ വന്നിരുന്നു. പക്ഷേ അവൻ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ മകനെ വെടിവച്ചേനെ’- അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വീണ് പരിക്കേറ്റിരുന്നു. തങ്ങളുടെ അഭിഭാഷകരാരും പ്രതിക്കായി കോടതിയിൽ വാദിക്കില്ലെന്ന് ഉജ്ജയിൻ ബാർ അസോസിയേഷൻ അറിയിച്ചു.