പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ച റീമയുടെ കുടുംബം പഴയങ്ങാടി പോലീസിനെതിരെ രംഗത്ത്. വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതിൽ തികഞ്ഞ അലംഭാവമാണ് പോലീസ് കാണിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
റീമയും കുഞ്ഞും പുഴയിൽ ചാടി മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ ആത്മഹത്യാക്കുറിപ്പും ഭർത്താവുമായുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനും ഭർതൃ മാതാവിനും എതിരെ കേസെടുത്തിരുന്നു. എന്നാൽ കേസെടുത്തത് മാത്രമല്ലാതെ പ്രതികളെ പിടികൂടുന്നതിൽപഴയങ്ങാടി പോലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് റീമയുടെ പിതാവ് കെ. മോഹനൻ പറഞ്ഞു.
ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിഐ കേസിനെ കുറിച്ച് ചോദിക്കുമ്പോൾ മുഖം തിരിക്കുകയാണെന്നും ഫോൺ വിളിച്ചാൽ എടുക്കാൻ പോലും തയാറാകുന്നില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്. നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് റീമയുടെ കുടുംബം.