കൊച്ചി: ക്രിപ്റ്റോ കറന്‍സി വാങ്ങി വിദേശത്ത് ഇരട്ടിയിലധികം വിലയ്ക്ക് വിറ്റ് പിന്നീട് ഹവാല വഴി കേരളത്തിലെത്തിച്ച് നടത്തിയ 400 കോടി രൂപയുടെ നികുതി വെട്ടിപ്പ് ആദായനികുതി വകുപ്പ് കണ്ടെത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ട റെയ്ഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു.
കോഴിക്കോട്ടെ പരിശീലന സ്ഥാപനയുടമ, സൗദിയിലും ഇന്തോനേഷ്യയിലും പൂക്കച്ചവടം നടത്തുന്ന വ്യക്തി എന്നിവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ക്രിപ്റ്റോ കറന്‍സി വാങ്ങിനല്‍കുന്ന ഇടനിലക്കാരായ യുവാക്കളുടെ വീടുകളാണ് മലപ്പുറത്ത് പരിശോധിച്ചത്.
ഇന്ത്യന്‍ കറന്‍സി നല്കിയാല് രഹസ്യ ഓണ്‍ലൈനുകള്‍ വഴി ക്രിപ്റ്റോ കറന്‍സി വാങ്ങി നല്‍കുകയാണ് ഇടനിലക്കാര്ചെയ്യുന്നത്. കോഴിക്കോട് കേന്ദ്രമായ സംഘം നടത്തിയ 100 കോടി രൂപയുടെ വെട്ടിപ്പ് കഴിഞ്ഞ ജനുവരിയില്‍ കണ്ടെത്തിയതിന്റെ തുടരന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്.
സൗദിയിലും ഇന്തോനേഷ്യയിലുമുള്ള പൂക്കച്ചവടത്തിന്റെ മറവിലാണ് ഇടപാട്. സൗദിയില്‍ പൂക്കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് ക്രിപ്റ്റോ വിറ്റഴിക്കുക. വാലറ്റിലാക്കി വിദേശത്തേയ്ക്ക് കൈമാറുന്ന ക്രിപ്റ്റോ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന തുക വിദേശനാണ്യത്തിലാകുമ്പോള് പലയിരട്ടി വിലയുണ്ടാകും.
ഇത് ബാങ്കുകളിലെ എന്‍ആര്‍ഐ അക്കൗണ്ടുകളോ ഹവാലയോ വഴി കേരളത്തില്‍ തിരിച്ചെത്തിക്കും. കമ്മിഷന് വ്യവസ്ഥയിലാണ് ക്രിപ്റ്റോ കറന്‍സി വാങ്ങി വാലറ്റിലാക്കി നല്‍കുന്നത്. രഹസ്യ സ്വഭാവമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്.
്

