ഇടുക്കി: വീടിനു തീ പിടിച്ച് ഗൃഹനാഥനും ഭാര്യയും വെന്തുമരിച്ചു. മകളെ പൊള്ളലേറ്റ് ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ ഒന്നരയോടെ അണക്കര പുറ്റടി ഹോളി ക്രോസ് കോളജിനു സമീപമാണ് ദാരുണ സംഭവം നടന്നത്.
അണക്കര എട്ടാം മൈലിൽ ജ്യോതി സ്റ്റോഴ്സ് നടത്തി വരുന്ന രവീന്ദ്രൻ (50) , ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ (18) യാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്.
വാടക വീട്ടിൽ താമസിച്ചിരുന്ന രവീന്ദ്രനും കുടുംബവും രണ്ടു ദിവസം മുന്പാണ് ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്.
ലൈഫ് ഭവന പദ്ധതിയിലാണ് വീടു ലഭിച്ചത്. ഒന്നരയോടെ ശ്രീധന്യ പൊള്ളലേറ്റ നിലയിൽ നില വിളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത് .
തുടർന്ന് ശ്രീധന്യയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവർ എത്തിയ ശേഷമാണ് തീ അണച്ചത്.
പൊള്ളലേറ്റു കിടന്ന രവീന്ദ്രനെയും ഉഷയെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
ശ്രീധന്യയെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചതിനു ശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസിന്റെയും കഐസ്ഇബിയുടെയും ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
വിശദമായ പരിശോധനയ്ക്കു ശേഷമെ തീ പിടുത്തത്തിന്റെ കാരണം വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അണക്കരയിൽ സോപ്പും സോപ്പ് ഉത്പ്പന്നങ്ങളും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ. പ്ലസ് ടു വിദ്യാർഥിനിയാണ് ശ്രീധന്യ.

