കൽക്കി 2989 AD സീക്വലിൽനിന്നു നീക്കം ചെയ്തെന്നും പിൻമാറിയെന്നുമുള്ള ചർച്ചകൾക്കിടെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി ദീപിക പദുക്കോൺ. ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദീപികയുടെ കുറിപ്പ്.
സിനിമയുടെ വിജയത്തേക്കാൾ ആരുമായി സഹകരിക്കുന്നു എന്നതാണ് പ്രധാനമെന്നും 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാറൂഖ് പഠിപ്പിച്ച ഈ പാഠം പിന്നീടിങ്ങോട്ട് പിന്തുടർന്നിട്ടുണ്ടെന്നും നടി കുറിച്ചു. ഇതുകൊണ്ടാവാം നമ്മൾ ഒന്നിച്ച് ആറാമത്തെ ചിത്രം ചെയ്യുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ നിർമിക്കുന്നതിന്റെ അനുഭവവും അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്- ദീപിക കുറിച്ചു.
ഇരുവരുടെയും പുതിയ ചിത്രമായ കിംഗിന്റെ ലൊക്കേഷനിൽ ഷാറൂഖിന്റെ കൈ പിടിച്ചുള്ള ചിത്രമാണ് ദീപിക പങ്കുവച്ചത്. പത്താൻ, വാർ എന്നിവയുടെ സംവിധായകൻ സിദ്ധാർഥ് ആനന്ദാണ് കിംഗ് ഒരുക്കുന്നത്. ഷാറൂഖിന്റെ മകൾ സുഹാന, അഭിഷേക് ബച്ചൻ, റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്റോഫ്, സൗരഭ് ശുക്ല തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹിറ്റ് ജോടികളായ ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്.
2007ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓമിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ദീപികയുടെ ആദ്യ ചിത്രമായിരുന്നു ഇത്. പിന്നീട് ചെന്നൈ എക്സ്പ്രസ് (2013), ഹാപ്പി ന്യൂ ഇയർ (2014), ജവാൻ (2023), പഠാൻ (2023) തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് എത്തി.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം കൽക്കി 2989 AD സീക്വലിൽനിന്നു ദീപികയെ ഒഴിവാക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദീപികയെ ഒഴിവാക്കിയതല്ലെന്നും സ്ക്രീൻ പ്രസൻസും പ്രാധാന്യവും കുറഞ്ഞതിനാൽ ദീപിക ചിത്രത്തിൽ നിന്ന് പിന്മാറിയതാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെക്കുറിച്ച് ദീപിക തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടാണ് ദീപികയെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദീപികയുടെ പുതിയ പോസ്റ്റ്. പ്രചരിക്കുന്ന വാർത്തകൾക്കുള്ള മറുപടിയാണ് ഇതെന്നും ഒരു വിഭാഗം പറയുന്നു.