മംഗളൂരു: ധർമസ്ഥലയിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികൾ തേടി അന്വേഷണസംഘം. വെളിപ്പെടുത്തലുകൾ പുറത്തുവന്ന കാലഘട്ടത്തിൽ 11 അക്കൗണ്ടുകളിൽ നിന്നായി മൂന്നര ലക്ഷത്തോളം രൂപ ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് വന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇതിൽ ആറുപേർ ധർമസ്ഥല ആക്ഷൻ കമ്മിറ്റിയുടെ പ്രധാന നേതാവായ മഹേഷ് ഷെട്ടി തിമ്മരോഡിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും മറ്റൊരു അക്കൗണ്ട് ആക്ഷൻ കമ്മിറ്റി ഭാരവാഹി ഗിരീഷ് മട്ടന്നവരുടെ ഭാര്യയുടെ പേരിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ മഹേഷ് ഷെട്ടി ഇപ്പോൾ അറസ്റ്റിലാണ്.
ഹിന്ദു ജാഗരൺ വേദികെയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി പിന്നീട് സംഘപരിവാർ ബന്ധം ഉപേക്ഷിച്ചാണ് ധർമസ്ഥല ആക്ഷൻ കമ്മിറ്റിയിൽ സജീവമായത്. കോഴിക്കോട്ടെ ലോറി ഉടമയും യൂട്യൂബറുമായ മനാഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹിയും സിപിഎം പ്രവർത്തകനും മലയാളിയുമായ ടി.ജയന്ത്, 2012 ൽ ധർമസ്ഥലയിൽ കൊലചെയ്യപ്പെട്ട വിദ്യാർഥിനി സൗജന്യയുടെ മാതൃസഹോദരൻ വിട്ടൽ ഗൗഡ എന്നിവരടക്കം നിരവധി പേരെ പ്രത്യേക അന്വേഷണസംഘം ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്.
ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ലഭിച്ചത് ധർമസ്ഥല വനത്തിലെ ബംഗ്ലെഗുഡെ എന്ന സ്ഥലത്തുനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഏഴ് തലയോട്ടികളും നിരവധി അസ്ഥികളുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് അസ്ഥികളുണ്ടെന്ന് അറിയാമായിരുന്നിട്ടും നേരത്തേ ചിന്നയ്യ നടത്തിയ വെളിപ്പെടുത്തലിൽ ഈ സ്ഥലത്തിന്റെ കാര്യം പറയാതിരുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമല്ല.
ഇവിടെ അസ്ഥികളുണ്ടെന്ന കാര്യം വിട്ടൽ ഗൗഡയ്ക്കും ജയന്തിനും അറിയാമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.ഇവിടെനിന്ന് കണ്ടെത്തിയ അസ്ഥികളെല്ലാം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മരിച്ചവരെയും മരണകാരണവും തിരിച്ചറിഞ്ഞതിനുശേഷം ഇതുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.