മംഗളൂരു: ധർമസ്ഥലയിൽ നടന്നതായി പറയുന്ന കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ 22 വർഷംമുമ്പ് ധർമസ്ഥലയിൽ കാണാതായ മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണം നടത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.
മണിപ്പാലിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന അനന്യ ഭട്ടിനെയാണ് 2003 ൽ സുഹൃത്തുക്കൾക്കൊപ്പം ധർമസ്ഥലയിലെത്തിയപ്പോൾ കാണാതായത്. അപ്പോൾതന്നെ പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനന്യയുടെ അമ്മ സുജാത ഭട്ട് ധർമസ്ഥല പോലീസിൽ നൽകി പരാതിയിൽ പറയുന്നു.
ബംഗളൂരു സ്വദേശിനിയായ സുജാത സിബിഐയിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഇവർ കോൽക്കത്തയിൽ ജോലിചെയ്തിരുന്ന കാലത്താണ് മകളെ കാണാതായത്. പോലീസിന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കില്ലെന്നു മനസിലായപ്പോൾ സ്വന്തം നിലയ്ക്ക് ധർമസ്ഥലയിലെത്തി അന്വേഷണം നടത്താൻ ശ്രമിച്ചിരുന്നതായും അപ്പോൾ ഒരു സംഘം ആളുകൾ തന്നെ ക്രൂരമായി ആക്രമിച്ച് അബോധാവസ്ഥയിലാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങൾ പരിശോധിക്കുമ്പോൾ അനന്യയുടെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നാണു പരാതിയിലെ ആവശ്യം.സുഹൃത്തുക്കൾക്കൊപ്പം സ്വന്തം നിലയിലാണ് അനന്യ ധർമസ്ഥലയിലെത്തിയിരുന്നത്.
അതുകൊണ്ടുതന്നെ കോളജ് അധികൃതർ പെൺകുട്ടിയെ കാണാതായതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പെൺകുട്ടി ആരുടെയെങ്കിലുംകൂടെ ഒളിച്ചോടി പോയതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം.
അന്നു പരാതി നൽകാനെത്തിയ തന്നെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പിന്നീട് ധർമസ്ഥലയിലെത്തി ഡോ.വീരേന്ദ്ര ഹെഗ്ഡെയെ കണ്ട് സഹായം തേടാൻ ശ്രമിച്ചപ്പോഴാണ് വെളുത്ത യൂണിഫോമിലുള്ള ഒരു സംഘമാളുകൾ തന്നെ കെട്ടിയിട്ടു മർദിച്ച് അബോധാവസ്ഥയിലാക്കിയതെന്നും പരാതിയിൽ പറയുന്നുണ്ട്.