ധര്‍മസ്ഥലയില്‍ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2012ല്‍ ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം.
ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്ങാടി സ്വദേശിനിയായിരുന്ന സൗജന്യ ഗൗഡ 2012 ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം കോളജ് വിട്ടിറങ്ങിയതാണ്. ബസില്‍ ചെറിയൊരു സമയം കൊണ്ട് വീട്ടിലെത്താവുന്ന ദൂരമേയുള്ളൂ. പക്ഷേ സന്ധ്യയായിട്ടും വീട്ടിലെത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. രാത്രിതന്നെ ധര്‍മസ്ഥലയിലെത്തി അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല.
തൊട്ടടുത്ത ദിവസം ധര്‍മസ്ഥലയ്ക്ക് സമീപം നേത്രാവതി നദിക്കരയിലുള്ള വനപ്രദേശത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റിന്റെ നടത്തിപ്പുകാരായ ജെയിന് കുടുംബത്തിലെ മൂന്ന് യുവാക്കള്‍ക്കു നേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്.
ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് കോളജ് വിട്ടിറങ്ങിയ സൗജന്യയെ കൂട്ടിക്കൊണ്ടുപോയതെന്ന വാര്‍ത്ത പോലുമുണ്ടായിരുന്നു. എന്നാല്‍, കേസന്വേഷണം നടത്തിയ ബെല്‍ത്തങ്ങാടി പോലീസ് മറ്റൊരാളിനെയാണ് പ്രതിയാക്കിയത്. സന്തോഷ് റാവു എന്ന ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ആ പ്രതി. ഇയാള്‍ക്ക് ഒറ്റയ്ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാനാകില്ലെന്നും ഇയാള്‍ വാടകയ്ക്കെടുത്ത പ്രതിയാണെന്നും സൗജന്യയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ പറഞ്ഞിട്ടും പോലീസ് വകവച്ചില്ല.
പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പ്രത്യേക അന്വേഷണസംഘത്തിനും സിബിഐയ്ക്കും വിട്ടെങ്കിലും അവരെല്ലാം സന്തോഷ് റാവുവിനെ തന്നെയാണ് പ്രതിയാക്കിയത്. വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനും വിചാരണാനടപടികള്ക്കും ശേഷം 2023 ജൂണ്‍ 16ന് പ്രത്യേക സിബിഐ കോടതി സന്തോഷ് റാവുവിനെ കുറ്റവിമുക്തനാക്കി വെറുതേ വിട്ടു. കേസന്വേഷണത്തില്‍ പോലീസും സിബിഐയും വരുത്തിയ വീഴ്ചകളോരോന്നായി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കോടതിവിധി.
കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആരോപണവിധേയരായ ജെയിന് കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സൗജന്യയുടെ കുടുംബം പലതവണ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കർണാടക സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ ഏറെക്കുറെ മൗനം പാലിച്ചപ്പോള്‍ ചില സാമൂഹ്യ സംഘടനകള്‍ പ്രശ്നം ഏറ്റെടുത്ത് പലതവണ സമരപരിപാടികള്‍ നടത്തി.
ഹിന്ദു ജാഗരണവേദിയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി തിമ്മരോടി സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ച് സൗജന്യയ്ക്ക് നീതി കിട്ടുന്നതിനായുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്നു. ഇടതുസംഘടനകളും സമരപരിപാടികളില്‍ സജീവമായിരുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളും സൗജന്യയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യം പലതവണ ജനശ്രദ്ധയിലെത്തിച്ചു.
മകള്‍ക്കു നീതി കിട്ടാനായി ഒരു വ്യാഴവട്ടക്കാലം നിയമപോരാട്ടം നടത്തിയ സൗജന്യയുടെ പിതാവ് ചന്തപ്പ ഗൗഡ ഈവര്‍ഷം ജനുവരി 19ന് അന്തരിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൗജന്യ കേസുമായി ബന്ധപ്പെട്ട് ധര്‍മസ്ഥല ട്രസ്റ്റിനും പോലീസിനുമെതിരായ വീഡിയോ പ്രചരിപ്പിച്ചതിന് യുട്യൂബര്‍ സമീര്‍ എംഡിക്കെതിരെ പോലീസ് കേസെടുത്തതായിരുന്നു ഏറ്റവുമൊടുവിലത്തെ സംഭവം. എന്നാല്‍, ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്ക് തന്നെ വന്നതോടെ സൗജന്യയ്ക്ക് നീതി ലഭിക്കണമെന്ന പ്രചാരണം മുന്‍പത്തേതിനേക്കാള്‍ ശക്തമായി ഉയരുകയാണ്.
(തുടരും)
ശ്രീജിത് കൃഷ്ണന്