കോട്ടയം: കോവിഡ് പ്രതിരോധത്തിനായി തടവുകാർ തയാറാക്കിയ മാസ്കുകളും സാനിറ്റൈസറും വിറ്റയിനത്തിൽ ജില്ലാ ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരം മാർച്ച് മാസത്തിൽതന്നെ പ്രതിരോധ സാമഗ്രികളുടെ നിർമാണം ആരംഭിച്ചിരുന്നു.
തയ്യൽ ജോലിയിൽ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകൾ ഒരുക്കുന്നത്. ഇതിൽ രണ്ടു പേർ വനിതകളാണ്. തയ്യൽ അറിയാവുന്ന സഹതടവുകാർ ഇവരെ പരിശീലിപ്പിച്ചു. പ്രതിദിനം നാനൂറോളം മാസ്കുകൾ ഇവർ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ഒന്നിന് 10 രൂപയാണ് വില.
തിരുവല്ല ഷുഗർ മില്ലിൽനിന്ന് വാങ്ങിയ നൂറു ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരാണ് 500 കുപ്പി സാനിറ്റൈസർ തയ്യാറാക്കിയത്. കോട്ടയം ബിസിഎം കോളജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻറും കോട്ടയം ജനറൽ ആശുപത്രിയും സാങ്കേതിക പിന്തുണ നൽകി.
200 മില്ലി ലിറ്ററിന് നൂറു രൂപയാണ് വില. വിലയിനത്തിൽ ലഭിച്ച തുകയിൽ മാസ്ക് നിർമിച്ചവർക്ക് ദിവസക്കൂലിയിനത്തിൽ 127 രൂപ വീതം വിതരണം ചെയ്ത ശേഷം തുക സർക്കാരിലേക്ക് നൽകുമെന്ന് സൂപ്രണ്ട് പി. വിജയൻ പറഞ്ഞു.
പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ജില്ലാ ജയിൽ ഓഫീസിൽനിന്നും മാസ്കുകളും സാനിറ്റൈസറും വാങ്ങാം. 0481 2560572