ന്യൂഡൽഹി: ദീപാവലിദിനത്തിൽ പുക ശ്വസിച്ച് രാജ്യതലസ്ഥാനം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയിൽ പടക്കങ്ങളും ആഘോഷമായപ്പോൾ പ്രഭാതത്തിലെ വായു ഗുണനിലവാരം ‘വളരെ മോശം’ സ്ഥിതിയിലായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളനുസരിച്ച് 340 ആയിരുന്നു ഇന്നലെ രാവിലത്തെ ഡൽഹിയിലെ വായുനിലവാര സൂചിക (എക്യുഐ). ഈ വർഷം ഫെബ്രുവരി രണ്ടിനുശേഷം ആദ്യമായാണു ഡൽഹിയുടെ എക്യുഐ 300ന് മുകളിൽ കടക്കുന്നത്.
0-50 ‘നല്ലത്’, 51-100 ‘തൃപ്തികരം’, 101-200 ‘മിതമായത്’, 201-300 ‘മോശം’, 301-400 ‘വളരെ മോശം, 401-500 ‘ഗുരുതരം’ എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക കണക്കാക്കുന്നത്. തലസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിലടക്കം സുപ്രീംകോടതി ഇളവുകൾ നൽകിയത് വായുനിലവാരം വളരെ മോശം സ്ഥിതിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി.
എക്യുഐ 300ന് മുകളിൽ കടന്നതോടെ അധികൃതർ ‘വളരെ മോശം’ സ്ഥിതിയെ പ്രതിരോധിക്കുന്നതിനുള്ള ഗ്രാപ് രണ്ട് (ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ) പ്രഖ്യാപിച്ചു. അന്തർസംസ്ഥാന ബസ് സർവീസുകളിലെ നിയന്ത്രണങ്ങൾ, റോഡുകളിൽ വെള്ളം ചീറ്റിക്കൽ, പൊടി നിയന്ത്രണങ്ങൾ, സിഎൻജി-ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിച്ച് പബ്ലിക് ട്രാൻസ്പോർട്ടുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ നടപടികളാണു ഗ്രാപ് രണ്ടിനു കീഴിൽ സ്വീകരിക്കുന്നത്.
സ്വന്തം ലേഖകൻ