അക്കാലത്തു കോളജിൽ വിദ്യാർഥികൾ വലിയ ചൂഷണത്തിനിരയാവാറുണ്ടെന്ന് ഒരിക്കൽ ഓമന പറഞ്ഞിരുന്നു. രണ്ടാം വർഷ പരീക്ഷയിൽ കോളജ് അധികൃതരുടെ പക്ഷപാത പെരുമാറ്റത്തെത്തുടർന്നു രണ്ടു കുട്ടികൾ ജീവനൊടുക്കിയതായി പരാതി ഉയർന്നിരുന്നു.
അവരുടെ കാലഘട്ടത്തിൽ മറ്റു പത്തോളം കുട്ടികളും ഇങ്ങനെ ആത്മഹത്യയ്ക്കും ആത്മഹത്യശ്രമത്തിനുമൊക്കെ ഇരകളായി മാറിയിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധം വിദ്യാർഥികൾക്കിടയിൽ വലിയ പ്രക്ഷോഭമായി വളർന്ന കാലം.
വിഭ്രാന്ത ചിന്തകൾ
സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒാമന നേതൃത്വം നൽകി. കണ്ണൂരിലെ രവി എന്ന വിദ്യാർഥി ജീവനൊടുക്കിയതു പതിനൊന്നു തവണ അയാളെ മനഃപൂർവം തോൽപ്പിച്ചതിനാലാണെന്നു ഓമന കുറ്റപ്പെടുത്തിയിരുന്നു. കോളജ് അധികൃതർക്കെതിരെ പ്രകടനം നയിച്ചവരിൽ മുൻപിൽ ഓമനയുണ്ടായിരുന്നു.
ചെറുപ്പത്തിൽ തന്നെ മാനിക് ഡിപ്രസിവ് സൈക്കോസിസ് എന്ന ഒരുതരം മാനസികപ്രശ്നത്തിന് അടിമയായിരുന്നു അവരെന്നു അവരുടെ ജീവിതത്തെ പഠിച്ചവർ പറയുന്നു. വിഭ്രാന്തമായ മനസും വരുംവരായ്കളെക്കുറിച്ചു ചിന്തിക്കാതെ എന്തും പ്രവർത്തിക്കാനുള്ള മനോഭാവവും ഇത്തരക്കാർക്കുണ്ടാവുമത്രെ.
മുരളീധരന്റെ മരണം
1996 ജൂലൈ 11ന് ആയിരുന്നു ഓമന കാമുകൻ മുരളീധരനെ കൊലപ്പെടുത്തുന്നത്. പയ്യന്നൂരിലെ കരാറുകാരൻ ആയിരുന്നു മുരളീധരൻ. കാമുകനെ ഊട്ടി റെയില്‍വെ സ്റ്റേഷനടുത്തുള്ള ലോഡ്ജില്‍ വിളിച്ചുവരുത്തി ശരീരത്തില്‍ വിഷം കുത്തിവച്ച ശേഷം രക്തം കട്ടപിടിക്കാനുള്ള ഇഞ്ചക്ഷന് നല്‍കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു കൊക്കയില്‍ തള്ളാനായിരുന്നു പദ്ധതി.
ഇതിനായി കൊടൈക്കനാലിലേക്കു പോകാന്‍ ടാക്സി വിളിച്ചു. എന്നാൽ, പെട്ടിക്കുള്ളില്‍നിന്നു കടുത്ത ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നു ടാക്സി ഡ്രൈവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഒാമനയെ കസ്റ്റഡിയിൽ എടുത്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ മുരളീധനെ താൻ കൊലപ്പെടുത്തിയതാണെന്ന് അവർ വെളിപ്പെടുത്തി.
കുറ്റസമ്മതം
താന്‍ വിവാഹമോചിതയാണെന്നും വിവാഹിതനായ മുരളീധരന് തന്നെ വിട്ടു മറ്റൊരാളെ തേടിപ്പോകുമോയെന്ന ഭയം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. ഡോ.ഒാമനയുടെ വെളിപ്പെടുത്തൽ ഒരു കോളിളക്കമാണ് സൃഷ്ടിച്ചത്.
ഒരു മെഡിക്കൽ വിദ്യാർഥിനി ഇത്തരമൊരു കൃത്യം ചെയ്തെന്നു പലർക്കും വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല. എന്തായാലും അറസ്റ്റ് നടന്നു. പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കു ശേഷം ജീവപര്യന്തം ശിക്ഷ കിട്ടിയ ഇവര്‍ 2001ല്‍ പരോള്‍ വാങ്ങി പുറത്തു പോയ ശേഷം കാണാതായി.
(തുടരും)
തയാറാക്കിയത്: എൻ.എം