പത്തനംതിട്ട: ഉത്രാട ദിനത്തിൽ പത്തനംതിട്ട നഗരത്തിൽ 13 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയെന്നു സംശയം. കാലിനും കൈക്കും ഇടുപ്പിനുമൊക്കെ പരിക്കേറ്റവർ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഒരാൾക്കു മുഖത്തും മറ്റൊരാളിനു കാലിലുമാണ് കടിയേറ്റത്. കടിയേറ്റവരിൽ മറ്റു ചിലർ ജനറൽ ആശുപത്രിയിലെ തിരക്ക് കാരണം മറ്റു സ്ഥലങ്ങളിലേക്കു പോയിട്ടുണ്ട്.പുത്തൻപീടികയിൽനിന്നു നഗരത്തിലേക്കു വരുന്നവഴി നായ മറ്റു തെരുവുനായ്ക്കളെയും ആക്രമിച്ചിട്ടുണ്ട്. ഒരു നായ തന്നെയാണ് ഇത്രയും ആളുകളെ കടിച്ചതെന്നു പറയുന്നു. ഇതിനു പേ വിഷബാധയും സംശയിക്കുന്നു.
ചികിത്സ വൈകി
ഓണ അവധി ദിവസമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാതിരുന്നത് നായയുടെ ആക്രമണത്തിൽ കടിയേറ്റ് എത്തിയവർക്കു ചികിത്സ ലഭിക്കാൻ കാലതാമസമുണ്ടായി. മാരകമായി മുറിവേറ്റവരെ മെഡിക്കൽ കോളജിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ വെട്ടിക്കുറച്ചതിനാൽ കോന്നി മെഡിക്കൽ കോളജിലേക്കു രോഗികളെ മാറ്റാൻ നിർദേശമുണ്ടെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെട്ടിട്ടില്ലാത്തതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതു കാരണം നായയുടെ കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയായിരുന്നു.
ശല്യം രൂക്ഷം
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്തനംതിട്ട നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പറയുന്നു. ഓണത്തോടനുബന്ധിച്ച് വഴിയോരങ്ങളിലടക്കം തിരക്ക് വർധിച്ചിരുന്നു. വഴിയോര വ്യാപാരികളും കൂടുതലായി എത്തിയതോടെ നായ്ക്കൾക്ക് വിശ്രമ കേന്ദ്രങ്ങളില്ലാതായി. ഇതോടെ നഗരത്തിൽ നായ്ക്കൾ അലഞ്ഞു തിരിയുന്ന അവസ്ഥയെത്തി. ഫുട്പാത്തുകളിലടക്കം ഓണം വ്യാപാരികൾ കൈയടക്കിയിരുന്നു.
അടഞ്ഞു കിടന്ന കടകളുടെ തിണ്ണകളും വഴിയോര കച്ചവടക്കാരെകൊണ്ട് നിറഞ്ഞിരുന്നു. തെരുവുനായ്ക്കളുടെ താവളമായിരുന്നു ഇത്തരം സ്ഥലങ്ങൾ.
റാന്നിയിലും വിളയാട്ടം
റാന്നി ഇട്ടിയപ്പാറ, പെരുന്പുഴ ബസ് സ്റ്റാൻഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ആളുകൾ ബസ് കാത്തു നിൽക്കുന്ന സ്ഥലങ്ങൾ നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. ഫുട്പാത്തുകളിലൂടെയും നടക്കാനാകാത്ത സ്ഥിതിയുണ്ട്. ഓണത്തോടനുബന്ധിച്ച തിരക്കിൽ നായ്ക്കൾ പലേടത്തും കൂട്ടമായി എത്തി ആളുകളെ ആക്രമിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
അലഞ്ഞു തിരിഞ്ഞെത്തുന്ന നായ്ക്കൾ ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളുടെ വരാന്തകളിൽ അഭയം തേടിയിരിക്കുകയാണ്. റാന്നി സിവിൽ സ്റ്റേഷൻ പരിസരത്തു നായ്ക്കളുടെ ശല്യം അതിരൂക്ഷമായിട്ടുണ്ട്.