തിരുവനന്തപുരം: “ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്. അപ്പോഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാണ്. ആരും കേട്ടില്ല. അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്.- പേ വിഷബാധയേറ്റു മരിച്ച നിയയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു.
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി വന്ന തെരുവ് നായ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു.
നായയുടെ ഒരു പല്ല് കൈയിൽ ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്. ഉടൻ തന്നെ സോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിൻ എടുക്കുകയും ചെയ്തിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.
നിയയുടെ ഖബറടക്കം പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനില്‍ നടക്കും. വീട്ടില്‍ പൊതുദർശനം ഉണ്ടാകില്ല.