ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധത്തിൽ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും ചെയ്തു.
സംഭവത്തിൽ വിളമനയിലെ ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ഇരിട്ടി പോലീസിൽ പരാതി നൽകി. പായം പഞ്ചായത്തിലെ വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
ജോണിന്റെ വളർത്തുനായ കടിച്ച സംഭവത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടന്നിരുന്നു.
അതിനിടയിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിച്ച് ഗ്ലാസ് ഉൾപ്പെടെ അടിച്ചു തകർക്കുമ്പോൾ തടയാനെത്തിയ ജോണിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ആക്രമണത്തിൽ പരാതിക്കാരന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.