കീവ്: രണ്ടര വർഷത്തെ അധിനിവേശത്തിനിടെ യുക്രെയ്നു നേർക്കുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച രാത്രി 805 ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതാദ്യമായി യുക്രെയ്ൻ സർക്കാർ മന്ദിരവും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലുടനീളമുണ്ടായ ആക്രമണത്തിൽ നാലു പേരെങ്കിലും മരിക്കുകയും അന്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കീവിലെ കാബിനറ്റ് മന്ത്രിമാരുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഡ്രോൺ പതിച്ച് വൻ തീപിടിത്തമുണ്ടായെന്ന് പ്രധാനമന്ത്രി യൂലിയ അറിയിച്ചു. യുക്രെയ്നിലെ ഏറ്റവും സംരക്ഷിതമേഖലയിൽ പാർലെന്റിനും പ്രസിഡന്റിന്റെ കൊട്ടാരത്തിനും സമീപമാണ് ഈ കെട്ടിടം.
സർക്കാർ ആസ്ഥാനം ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം നടത്തുന്ന സമ്മർദനീക്കങ്ങളെ റഷ്യൻ പ്രസിഡന്റ് പുടിൻ വകവയ്ക്കുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനകൂടിയാണിതെന്നു പറയുന്നു.
റഷ്യൻ ഡ്രോണുകളിൽ ഭൂരിഭാഗവും നിർവീര്യമാക്കാൻ കഴിഞ്ഞുവെന്ന് യുക്രെയ്ൻ സേന അവകാശപ്പെട്ടു. എന്നാൽ, യ.ുക്രെയ്നിലുടനീളം ബഹുനില കെട്ടിടങ്ങളും മറ്റു കേന്ദ്രങ്ങളും ആക്രമണത്തിനിരയായി. തലസ്ഥാനമായ കീവിൽ ഒരു ശിശു അടക്കം രണ്ടു പേർ മരിച്ചു. സുമി, ഒഡേസ എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു.
അതേസമയം, യുക്രെയ്ന്റെ സൈനികകേന്ദ്രങ്ങളെയും സൈനിക വ്യവസായ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിനിടെ റഷ്യയിലെ ദ്രുഷ്ബ എണ്ണ പൈപ്പ്ലൈനിനു നേർക്ക് ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ സേന അറിയിച്ചു.