കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ-കർഷകദ്രോഹ നയങ്ങൾക്കെതിരേ നടത്തിയ ദേശീയ പണിമുടക്കിൽ മലയോരത്ത് സംഘർഷം. ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ കാറുകളുടെ ടയറിലെ കാറ്റ് പണിമുടക്ക് അനുകൂലികൾ അഴിച്ചുവിട്ടു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ സംഘടനകളിലെ 15 അധ്യാപകരാണ് സ്കൂളിൽ ഹാജരായത്. കാഴ്ചയില്ലാത്ത അധ്യാപകനായ ബേബി ജോസഫ്, മറ്റ് അധ്യാപകരായ ഫോർമിസ്, രജിത്ത്, രാധാകൃഷ്ണൻ, ഷിബു,സുമയ്യ എന്നിവർ എത്തിയ കാർ ഉൾപ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റാണ് അഴിച്ചുവിട്ടത്.
പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സമരാനുകൂലികൾ സ്കൂളിൽ കയറി ബഹളമുണ്ടാക്കുകയും കാറ്റ് അഴിച്ചുവിടുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽതന്നെ തുടർന്നു.
കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് നടന്നില്ല. അതിനിടെ, ഡിവൈഎഫ്ഐ പ്രവർത്തകർ കാറ്റ് അഴിച്ചുവിട്ട ടയറുകളിൽ സൈക്കിൾ പന്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസുകാർ കാറ്റ് നിറച്ചു നൽകി. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, നിഷാദ് അലി, കെ.വി. നികേഷ് എന്നിവർ നേതൃത്വം നൽകി.