പരവൂർ (കൊല്ലം): ആധാർ ഉപയോക്താക്കൾക്കായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) ഇ -ആധാർ ആപ്പ് എന്ന പേരിൽ സമഗ്ര മൊബൈൽ ആപ്പ് ആരംഭിക്കുന്നു. വ്യക്തികൾക്ക് അവരുടെ ആധാർ കാർഡിലെ പേര്, വിലാസം, ജനന തീയതി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ പരിഷ്കരിക്കാൻ പ്രാപ്തമാക്കുന്നത് അടക്കം നിരവധി സൗകര്യങ്ങൾ ഉള്ളതായിരിക്കും ഈ ആപ്പ്.
താത്ക്കാലികമായി ഇ-ആധാർ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഒറ്റ ഡിജിറ്റൽ ഇന്റർഫേസിലൂടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അവസരം ഒരുക്കും. സുഗമവും ഉപയോക്തൃ സൗഹൃദവുമായ രീതിയിൽ എളുപ്പത്തിൽ അപ്ഡേഷൻ നിർവഹിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും ആപ്പിന്റെരൂപകൽപ്പന. ഈ വർഷം അവസാനത്തോടെ ഈ മൊബൈൽ ആപ്ലിക്കേഷൻ പൂർണമായും പ്രവർത്തന സജ്ജമാകും. എൻറോൾമെന്റ് സെന്ററുകളിലേക്കുള്ള സന്ദർശനങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനം വരുമ്പോൾ ആൾക്കാർക്ക് വ്യക്തിഗത വിവരങ്ങൾ അവരുടെ സ്മാർട്ട് ഫോണുകൾ വഴി നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഫെയ്സ് ഐഡി സാങ്കേതിക വിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിച്ച് രാജ്യത്ത് ഉടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസരഹിതവുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകാൻ ഈ ആപ്പിന് സാധിക്കും.
ഇത് കൂടാതെ സർക്കാർ ശ്രോതസുകളിൽ നിന്ന് പരിശോധിച്ച് ഉറപ്പിച്ച ഉപയോക്തൃ ഡേറ്റകളും ഈ ഓൾ -ഇൻ-വൺ ആപ്പിലൂടെ സ്വയമേവ ലഭ്യമാക്കാനും യുഐഡിഎഐ പദ്ധതിയിടുന്നുണ്ട്. ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സ്.ആർ. സുധീർ കുമാർ