വടക്കാഞ്ചേരി: തന്റെ വീട്ടിൽ ഒരു പകലും രാവും നീണ്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ആസൂത്രിതവും അജണ്ടയുടെ ഭാഗവുമാണെന്ന് എ.സി. മൊയ്തീൻ.
വീടിന്റെ മുക്കും മൂലയും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി നടത്തിയ 22 മണിക്കൂർ നീണ്ട പരിശോധനയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മൊയ്തീൻ. ഇന്നലെ രാവിലെ ഏഴിനു തുടങ്ങിയ പരിശോധന ഇന്നു പുലർച്ചെ അഞ്ചോടെയാണു പൂർത്തിയായത്. ഇഡി ഉദ്യോഗസ്ഥർ മടങ്ങിയശേഷമാണ് മൊയ്തീൻ മാധ്യമങ്ങളെ കണ്ടത്.
മൊയ്തീന്റെ വാക്കുകൾ….
ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. കരുവന്നൂർ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് എന്നോടു പറഞ്ഞത്.
അതിനു വീടു പരിശോധിക്കണമെന്ന് പറഞ്ഞു. പൂർണമായും ഞാൻ അതിനോടു സഹകരിച്ചു. അവർ വീട്ടിൽ കയറി എല്ലാ സ്ഥലങ്ങളും പരിശോധിച്ചു. എന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭാര്യയുടെയും മകളുടെയും വസ്തുവിന്റെ വിവരങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഇവിടെയുണ്ടായിരുന്നു.
വീടിന്റെ മുക്കിലും മൂലയിലും, പുസ്തകങ്ങൾ വയ്ക്കുന്ന റാക്കിൽ ഉൾപ്പെടെ എന്തെങ്കിലുമുണ്ടോ എന്നു നോക്കുന്ന തരത്തിലുള്ള സൂക്ഷ്മമായ പരിശോധനയായിരുന്നു. പരിശോധിക്കുന്നതിൽ ഒരു വിരോധമില്ല. പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ്മെന്റും തന്നു പോയി.
എന്താണ് ഇതിൽ ഇത്ര വലിയ പ്രശ്നം എന്ന് എനിക്കറിയില്ല. ഒരാളുടെ മൊഴിയുണ്ട് എന്നാണ് എന്നോടു പറഞ്ഞത്. ക്രമരഹിതമായി വായ്പ നൽകാൻ ഞാൻ മാനദണ്ഡങ്ങൾ മാറ്റാൻ പറഞ്ഞു എന്നാണ് ആക്ഷേപം.
അങ്ങനെയുണ്ടെങ്കിൽ സ്വാഭാവികമായും എന്താണത് എന്ന ചോദ്യം ചോദിച്ചിട്ടാണ് പരിശോധന നടത്തേണ്ടത്. ഇത് ഏതാണ്ട് ബോധപൂർവമുള്ള ഒരു ആസൂത്രണം പോലെയാണ് എനിക്കു തോന്നിയത്. എങ്കിലും അന്വേഷണവുമായി പൂർണമായും സഹകരിക്കും.
അവരുടെ പരിചയക്കുറവെല്ലാം റെയ്ഡ് നീളാൻ ഒരു ഘടകമായിട്ടുണ്ട്. ഓരോ കടലാസും പരിശോധിച്ചും അതേക്കുറിച്ച് കൂട്ടായി ആലോചിച്ചുമെല്ലാമാണ് പരിശോധന നടത്തിയത്.
അതിനെല്ലാം സമയമെടുത്തിട്ടുണ്ട്. അങ്ങനെയാണ് ഇന്നു പുലർച്ചെ വരെ പരിശോധന നീണ്ടത്. വീട്ടിൽനിന്ന് ഒരു സാധനവും കൊണ്ടുപോയിട്ടില്ല. എന്റെ ബാങ്കിലെ പാസ് ബുക്ക് ഇവിടെയുണ്ടായിരുന്നില്ല. അത് കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
22 മണിക്കൂർ മാധ്യമങ്ങൾ കാത്തിരുന്നില്ലേ. അതാണ് അജണ്ട. വലിയ തട്ടിപ്പുകാർ രക്ഷപ്പെടുകയും ഇങ്ങനെയുള്ള ചിലത് ചിലർക്കൊക്കെ സഹായകമാകുന്ന രീതിയിൽ ചെയ്തുകൊടുക്കാനും ബാധ്യതപ്പെട്ട രീതിയിലൊക്കെ ചിലർ പ്രവർത്തിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.
ഞാൻ മന്ത്രിയായിരിക്കുന്പോഴല്ല, പാർട്ടി ജില്ലാ സെക്രട്ടറി ആയിരിക്കുന്പോൾ ഇടപെട്ടുവെന്നാണ് ആക്ഷേപം. വായ്പയുടെ കാര്യത്തിൽ മാത്രമല്ല, ഒരു കാര്യത്തിലും ഞാൻ ഇടപെട്ടിട്ടില്ല. ഒരു ബാങ്കിലും ഞാൻ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. – മൊയ്തീൻ വ്യക്തമാക്കി.