എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇന്നലെ മുടങ്ങിയത് ആറു സര്‍വീസുകള്‍. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.
രാവിലെ എട്ടിന് പുറപ്പെടേണ്ട എടത്വ-പാരാത്തോട് ബസ്, ഏഴിന് പുറപ്പെടേണ്ട എടത്വ- കണ്ടങ്കരി- ആലപ്പുഴ ബസ്, 7.20ന് പുറപ്പെടേണ്ട എടത്വ-ഹരിപ്പാട് ബസ്, 8.20ന് പുറപ്പെടേണ്ട എടത്വ-കളങ്ങര-ചങ്ങനാേശരി ബസ് എന്നിവ കൂടാതെ അമ്പലപ്പുഴ-തിരുവല്ല റൂട്ടിലെ രണ്ട് ചെയിന്‍ സര്‍വീസുമാണ് മുടങ്ങിയത്.
ഡിപ്പോയില്‍ ഒമ്പതു ഡ്രൈവര്‍മാരുടെയും മൂന്നു കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ജീവനക്കാരുടെ അഭാവമാണ് സര്‍വീസിനെ ബാധിച്ചത്. ഉള്ള ജീവനക്കാരാവട്ടേ ലീവിനു പോലും പോകാതെ ഡിപ്പോയില്‍ താമസിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജീവനക്കാരുടെ സംഘടനകള്‍ നിയമനം നടത്തണമെന്ന് പലതവണ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രാദേശിക റൂട്ടിലെ ബസ് സര്‍വീസ് മുടക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മങ്കൊമ്പ് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരും ഗുണഭോക്താക്കളും മറ്റ് യാത്രക്കാരുമാണ് കടുത്ത ദുരിതം അനുഭവിക്കേണ്ടി വന്നത്. എസി റോഡുമായി ബന്ധിപ്പിക്കുന്ന ബൈറൂട്ടില്‍ ഒരു സര്‍വീസ് മുടങ്ങിയാല്‍ പിന്നീട് നാലു മണിക്കൂറിലേറെ കാത്തുനില്ക്കണം.
സംസ്ഥാനപാതയിലെ അവസ്ഥയും വ്യത്യസ്തമല്ല. മണിക്കൂറുകള്‍ കൂടുമ്പോള്‍ വരുന്ന ചെയിന്‍ സര്‍വീസാണ് യാത്രക്കാരുടെ ആശ്രയം. ഈ സര്‍വീസ് മുടങ്ങിയാല്‍ ബസ് കാത്ത് വഴിയരികില്‍ നില്‍ക്കേണ്ട അവസ്ഥയാണ്.സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമയത്ത് സ്കൂളില്‍ എത്താനോ തിരികെ വീട്ടില്‍ പോകാനോ കഴിയാത്ത സ്ഥിതി വരും. ഗതാഗത വകുപ്പ് ഇടപെട്ട് എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും അഭാവം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.