നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ തഴുകി വന്ന കാറ്റ് അവളുടെ അഴിച്ചിട്ട മുടിയെ ഇളക്കിക്കൊണ്ടിരുന്നു. മോഹനിദ്രയിലെന്നപോലെ കണ്ണുകളടച്ച് ഇരുകൈകളും ചെവിയിൽ ചേർക്കാതെ ചേർത്ത് പ്രകൃതി താളത്തെ മുഴുവൻ ആവാഹിച്ച് വിവസ്ത്രയായി അവളിന്നും ഇരിക്കുന്നു.
പ്രകൃതിയുടെ ഉള്ളത്തിൽ, ഉർവരതയിൽ, ഉന്മാദത്തിൽ കാനായി കുഞ്ഞിരാമൻ എന്ന ശിൽപി വിരൽതൊട്ടപ്പോൾ ഉണർന്ന അഭൗമമായ സൃഷ്ടിയാണ് മലന്പുഴ ഉദ്യാനത്തിലെ യക്ഷി. 1969ലാണ് 30 അടി വലിപ്പമുള്ള യക്ഷി ശിൽപം കാനായി നിർമിക്കുന്നത്. ലണ്ടൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സിൽനിന്നു കാനായി ശിൽപകല പഠിച്ചിറങ്ങിയ കാലം. മലന്പുഴയിൽ അണക്കെട്ടിനോട് ചേർന്നുള്ള പാർക്കിൽ ഒരു ശിൽപം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാരാണ് കാനായിയെ നിയോഗിക്കുന്നത്.
അന്ന് വെറും 32 വയസാണ് ശിൽപിയുടെ പ്രായം. പരമശിവന്റെ വാഹനമായ നന്ദികേശൻ ഭഗവാന് കാവൽ നിൽക്കുന്ന ശക്തിദുർഗമാണല്ലോ. അതുപോലെ അണക്കെട്ടിനു കാവലായ് ഒരു നന്ദി ശിൽപം കൊത്തുവാൻ യുവശിൽപി തീരുമാനിച്ചു. ശിൽപത്തിന്റെ പണി തുടങ്ങുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ പണി വിചാരിച്ച ഊർജത്തിൽ മുന്നോട്ടു പോയില്ല. ഇതേക്കുറിച്ചാലോചിച്ച് പല രാത്രികളിലും മലകളുടെ മടിത്തട്ടിൽ കുഞ്ഞിരാമൻ എന്ന ചെറുപ്പക്കാരനിരുന്നു. ഒടുവിലെപ്പോഴോ കാനായിയുടെ ഉള്ളിലേക്ക് യക്ഷി നടന്നുകയറുകയായിരുന്നു.
മലന്പുഴയിലെ യക്ഷിയിലേക്ക് താൻ എത്തിയത് ഒരു നിയോഗം പോലെയാണെന്ന് കാനായി പറഞ്ഞിട്ടുണ്ട്. ആ കഥ ഇങ്ങനെ-
“മലന്പുഴയിൽ ഒരു ശിൽപം നിർമിക്കുവാൻ സർക്കാർ എന്നെ ചുമതലപ്പെടുത്തിയപ്പോൾ അത് മലന്പുഴയിലെ പ്രകൃതിക്കിണങ്ങുന്ന ശിൽപമായിരിക്കണം എന്നാഗ്രഹിച്ചു. കിഴക്കുതെളിയുന്ന പശ്ചിമഘട്ടത്തെ നോക്കിയിരിക്കുന്ന ഒരു സ്ത്രീരൂപത്തിന് മലമകൾ എന്ന് പേരു നൽകണമെന്നും ആലോചിച്ചു. മലമകൾ എന്നത് ശുദ്ധമായ പ്രകൃതി തന്നെയാണ്.
ആടയാഭരണങ്ങളില്ലാത്ത, കൃത്രിമത്വമില്ലാത്ത നഗ്നപ്രകൃതി. എന്നാൽ ഞാനറിയാതെ 1954ൽ മലന്പുഴ അണക്കെട്ട് നിർമിക്കുന്പോൾ ഈ മലയോരത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മലയോരവാസികളുടെ ആരാധനയും ആചാരവും പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നു. മലന്പുഴയിൽ അണക്കെട്ട് വരുന്നതിനു മുന്പ് സ്ഥലവാസികൾ ആരാധിച്ചിരുന്ന മൂർത്തിയാണ് എമൂരമ്മ. ഗിരിവർഗക്കാരുടെ മൂപ്പനാണ് എന്നോട് ഈ ആരാധനയുടെ ചരിത്രം പറഞ്ഞത്. പൂക്കൾ അർപ്പിച്ചും കൽവിളക്ക് തെളിച്ചും അവർ എമൂരമ്മയെ ആരാധിച്ചു.
ഡാം പണിക്കു വേണ്ടി വനം വെട്ടിമാറ്റിയപ്പോൾ എമൂരമ്മയായി കരുതി ആരാധിച്ച കല്ലും മാറ്റപ്പെട്ടു. പിന്നീട് ഡാം പണിയിൽ തടസം നേരിട്ടപ്പോൾ കോൺട്രാക്ടർ എമൂരമ്മയ്ക്കായി ഒരു ചെറിയ ക്ഷേത്രം അവിടെത്തന്നെ പണിതു നൽകി. മലന്പുഴയിൽ ശിൽപം പണിയുവാൻ എത്തിയ സമയത്ത് എനിക്ക് ഈ കഥകളൊന്നും അറിയില്ലായിരുന്നു. സത്യത്തിൽ നിർമിക്കാൻ ഉദ്ദേശിച്ചത് പരമശിവന്റെ വാഹനമായ നന്ദിയേയാണ്. എന്നാൽ നന്ദിയുടെ പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ഇന്നും ഈ ശിൽപം അപൂർണമാണ്.
പകരം പ്രകൃതി ശക്തി യക്ഷി രൂപത്തിൽ എന്റെ മനസിലേക്കെത്തുകയായിരുന്നു. ഗിരിവർഗക്കാർ ആരാധിച്ചിരുന്ന എമൂരമ്മ ഇരുന്ന അതേ സ്ഥലത്താണ് ഞാൻ യക്ഷിക്ക് ഇരിപ്പിടം ഒരുക്കിയത് എന്നത് മറ്റൊരു അദ്ഭുതം. ഇതാണ് മലന്പുഴയിലെ നഗ്നശിൽപമായ യക്ഷിക്കു പിന്നിലെ ചരിത്രം.”
1969 കാലഘട്ടമാണ് യക്ഷിയുടെ നിർമാണകാലം. ശിൽപത്തിന്റെ പണി ആരംഭിച്ച സമയത്ത് പാലക്കാട്നിന്നു തന്നെ ആദ്യ എതിർപ്പുകളും തുടങ്ങി. നഗ്നയായ ഒരു സ്ത്രീ ശിൽപം വലിയ വലുപ്പത്തിൽ പൊതുജനമധ്യത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും പ്രതിഷേധജാഥകളും നടന്നു. പാലക്കാടൻ മലകളിലും പ്രകൃതിയിലും താൻ കണ്ട ശക്തിസൗന്ദര്യം ഒപ്പിയെടുക്കുക മാത്രമാണ് കാനായി ചെയ്തിരിക്കുന്നതെന്ന സത്യം ജനം ആദ്യം തിരിച്ചറിഞ്ഞില്ല. സദാചാര ലംഘനത്തിന്റെ പേരിൽ യാഥാസ്ഥിതികർ കൂട്ടംകൂടി ശിൽപിയ്ക്കെതിരേ വലിയ പോർവിളികൾ നടത്തി.
സ്വന്തം ജീവനു തന്നെ ഭീഷണി നേരിട്ടപ്പോഴും കാനായി പിൻമാറിയില്ല. തന്റെ കലയിൽ, ഉദ്ദേശശുദ്ധിയിൽ അത്ര വിശ്വാസമുണ്ടായിരുന്നു കാനായിക്ക്. യൂറോപ്പിലെ കലാസംസ്കാരം നൽകിയ ഊർജം കാനായി എന്ന യുവാവിനൊപ്പം ഉണ്ടായിരുന്നു. കലാവിഷ്കാരത്തിൽ അക്കാലത്ത് കേരളത്തിൽ ഉണ്ടായ വഴിമാറ്റവും കാനായിയുടെ കരുത്തായി എന്നു പറയാം. എന്തായാലും വൻവിവാദങ്ങൾക്ക് നടുവിൽ തന്നെ യക്ഷി ഉയർന്നു. യക്ഷിയുടെ നഗ്നതയെ ചൊല്ലിയുള്ള നാട്ടുകാരുടെ അങ്കലാപ്പ് അവസാനിപ്പിക്കുവാൻ അന്നത്തെ കളക്ടർ ഒരു പോംവഴി കണ്ടെത്തി. നാട്ടുകാരുമായുള്ള ചർച്ചയിൽ പ്രതിമയുടെ നിർമാണവേളയിൽ നഗ്നമായിരിക്കും എന്നാൽ ശിൽപം പൂർണമാകുന്പോൾ വസ്ത്രം ഉണ്ടാകും എന്ന് പറഞ്ഞ് ആശ്വാസം നൽകി.
വിദേശത്ത് ശിൽപകലയിൽ ഉപരിപഠനം നടത്തി മടങ്ങിയെത്തിയ ശിൽപിയാണ് കാനായി എന്ന് നാട്ടുകാർ ആദ്യകാലത്ത് മനസിലാക്കിയിരുന്നില്ല. ഡാം പണിയുന്ന തൊഴിലാളികളുടെ രജിസ്റ്ററിൽ ഒപ്പ് വച്ച് വെറും സാധാരണ പണിക്കാരന്റെ വേതനം മാത്രം വാങ്ങിയാണ് കലയെ കച്ചവടമാക്കാൻ അന്നും ഇന്നും അറിയാത്ത കാനായി ശിൽപം പണി തീർത്തത്.
വിവാദങ്ങളെക്കുറിച്ച് കാനായി പറഞ്ഞത് ഇങ്ങനെ- “യക്ഷി ശിൽപത്തിൽ അശ്ലീലമുണ്ടെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല. ശിൽപത്തിൽ സഭ്യത ഇല്ലെന്ന് തോന്നുന്നത് കാണുന്നവരുടെ മനോവ്യാപാരം ആ നിലയിൽ എത്തുന്നതു കൊണ്ടാണ്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അവിടെയൊക്കെ കലയെ കലയായി കാണുന്ന ഒരു സംസ്കാരമുണ്ട്. കലയുടെ മർമം അറിയാത്ത രോഗാതുരമായ മനസിലാണ് പ്രതിഷേധങ്ങളും വിമർശനങ്ങളും.”
ഇങ്ങനെ പറയുമെങ്കിലും കേരളത്തിൽ പൊതുവേയുള്ള ഒരു കലാസംസ്കാരം കൊണ്ടാണ് യക്ഷി ശിൽപത്തെ പൊതുഇടത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത ചിത്രകാരനും കലാസംവിധായകനും ചലച്ചിത്ര സംവിധായകനുമായ നേമം പുഷ്പരാജ് കേരള ലളിതകലാ അക്കാഡമി ചെയർമാനായിരുന്ന കാലത്താണ് യക്ഷി ശിൽപത്തിന്റെ അന്പതാം വാർഷിക ആഘോഷം മലന്പുഴയിൽ നടന്നത്. രണ്ടാഴ്ച നീണ്ട യക്ഷിയാനം വിപുലമായ ചടങ്ങുകളോടെയാണ് കൊണ്ടാടപ്പെട്ടത്.
ആസ്വാദകരുടെ ഒരു വലിയ തിരക്കാണ് അന്ന് മലന്പുഴയിൽ അനുഭവപ്പെട്ടത്. സ്ത്രീകളടക്കമുള്ളവർ യക്ഷി ശിൽപത്തിനു മുന്നിൽ നിന്ന് കാനായിക്കൊപ്പം ഫോട്ടോ എടുത്തത് മറക്കാൻ കഴിയില്ലെന്ന് നേമം പുഷ്പരാജ് പറയുന്നു. സ്ത്രീ തനിക്ക് അമ്മയാണ്, പ്രകൃതിയാണ്,, ശക്തിയാണ് എന്ന് എന്നും പറയുന്ന കാനായിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് യക്ഷിക്കു ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയും.
എസ്. മഞ്ജുളാദേവി