2021ലെ പുതുവത്സരദിനത്തിൽ കേരളത്തിലെ സാധാരണക്കാർക്കായി നമ്മുടെ മുഖ്യമന്ത്രി പത്ത് പ്രഖ്യാപനങ്ങൾ നടത്തി. സമയബന്ധിതമായി നടപ്പാക്കുമെന്ന ആമുഖത്തോടെയായിരുന്നു അവതരണം. ‘അഴിമതിമുക്ത കേരളം’ എന്നതായിരുന്നു അതിലെ സുപ്രധാനമായ പ്രഖ്യാപനം.
“സർക്കാർ സർവീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികൾ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. അഴിമതിയെപ്പറ്റി കൃത്യമായി വിവരമുള്ളവർക്ക് ഇത് പരാതിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.”
ഇതായിരുന്നു മുഖ്യമന്ത്രി അന്ന് അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ രത്നച്ചുരുക്കം. അതേ വർഷം മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.“അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണു സർക്കാരിന്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാക്കാലവും നടക്കാനാകില്ല.
സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണം.” ഈ വാക്കുകളും മുഖ്യമന്ത്രിയുടേതുതന്നെ. പാലക്കാട് പാലക്കയത്തെ വില്ലേജ് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് 2023 മേയ് 25ന് അദ്ദേഹം സർക്കാർ ജീവനക്കാർക്ക് നൽകിയ മുന്നറിയിപ്പ്.
“സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിന്? ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്ന പൊതുധാരണയുണ്ട്. ഇതില്‍ മാറ്റം വരുന്നത് പരിതാപകരമായ അവസ്ഥയാണ്.” ഇതാകട്ടെ കേരള ഹൈക്കോടതിയുടെ പരാമർശമാണ്. കഴിഞ്ഞ ദിവസം, അതായത് 2025 നവംബർ 17ന് കശുവണ്ടി വികസന കോര്പറേഷന് അഴിമതിയുമായി ബന്ധപ്പെട്ട ഉപഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് ബദറുദ്ദീന്റെ വിമര്‍ശനം.
നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടതെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടിവരുമെന്നുംകൂടി കോടതി പറഞ്ഞു. മേൽപ്പറഞ്ഞ മൂന്നു പ്രസ്താവനകളും ചേർത്തുവയ്ക്കുമ്പോൾ കിട്ടുന്നതാണ് നമ്മുടെ സർക്കാർ തലത്തിലെ അഴിമതിയുടെ നേർചിത്രം. ‘അഴിമതിമുക്ത കേരളം’ നടപ്പാക്കും എന്ന പ്രഖ്യാപനത്തിൽ ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന്റെ സ്വരമുണ്ട് എന്നത് സത്യം.
എന്നാൽ, രണ്ടു വർഷത്തിനുശേഷമുള്ള മുന്നറിയിപ്പിൽ പരാജയപ്പെടുന്ന അധികാരിയുടെ ഇടർച്ചയാണ് അനുഭവപ്പെടുന്നത്. ഹൈക്കോടതിയുടെ പരാമർശമാകട്ടെ ഈ നാട്ടിലെ ഏതു സാധാരണക്കാരന്റെയും ഉള്ളിലുള്ളതും. അഴിമതിക്കെതിരേ പറയാത്ത രാഷ്ട്രീയക്കാരോ ഭരണാധികാരികളോ ഭരണഘടനാ സ്ഥാപനങ്ങളോ കോടതികളോ പണ്ഡിതരോ സാമൂഹികശാസ്ത്രജ്ഞരോ ഇല്ല.
അഴിമതി ഇല്ലാതാക്കാൻ ഇവിടെ കാക്കത്തൊള്ളായിരം നിയമങ്ങളുണ്ട്. അവ നടപ്പാക്കാൻ നിരവധി നിയമസംവിധാനങ്ങളുണ്ട്. വിജിലൻസ്, ഓംബുഡ്സ്മാൻ, ലോകായുക്ത, കമ്മീഷനുകൾ എന്നിങ്ങനെ. എന്നിട്ടും അഴിമതിക്കൊരു കുറവുമില്ല. അഴിമതി ആഗോള സംഭവമാണ് എന്നു പറഞ്ഞ് കൈകഴുകിയ ഭരണാധികാരികൾ പോലുമുണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തത് 665 അഴിമതി കേസുകളാണ്. തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു മുമ്പിൽ -97. റവന്യു വകുപ്പ്-91, സഹകരണം-57, ധനകാര്യം-52, ഭക്ഷ്യപൊതുവിതരണം-40, പോലീസ്-36, വിദ്യാഭ്യാസം-31, ആരോഗ്യം-26, പൊതുമരാമത്ത്, മോട്ടോർ വകുപ്പ്-19 എന്നിങ്ങനെയാണ് കണക്ക്.
ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും 304 എണ്ണത്തിൽ അന്വേഷണം നടക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് 427 അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഒരു കണക്ക്. 95 കേസുകൾ തദ്ദേശ ഭരണ വകുപ്പില്‍ത്തന്നെ.
റവന്യു വകുപ്പിൽ-76, സഹകരണവകുപ്പിൽ-37, പോലീസ് വകുപ്പിൽ-22, പൊതുമരാമത്ത് വകുപ്പിലും ആരോഗ്യ വകുപ്പിലും-19 വീതം എന്നിങ്ങനെ പോകുന്നു കണക്ക്. അന്വേഷണം നടത്തിയതിൽ എത്രപേർ ശിക്ഷിക്കപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുണ്ടോ എന്നറിയില്ല. ആദ്യത്തെ ചില ബഹളങ്ങൾക്കുശേഷം കേസുകൾ മാഞ്ഞുപോകുന്നതും പതിവു കാഴ്ചയാണ്.
അഴിമതിക്കേസുകളില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ആറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ എത്താറുണ്ട്. ഭരണത്തിലെ സ്വാധീനമാണ് ഇതിനവരെ സഹായിക്കുന്നത്. വിജിലന്‍സ് പിടിച്ച കേസുകളേക്കാള്‍ എത്രയോ അധികമാണ് യഥാർഥ അഴിമതി കേസുകളെന്നതും എല്ലാവർക്കും നിത്യപരിചയത്തിൽനിന്ന് വ്യക്തമാണ്.
ഉദ്യോഗസ്ഥതലത്തിലെ അഴിമതിയേക്കാൾ ഭീകരമാണ് രാഷ്ട്രീയ ഭരണാധികാര തലത്തിലേത്. മഞ്ഞുമലയുടെ ചെറിയൊരംശം മാത്രമാണ് വല്ലപ്പോഴും പുറത്തുവരുന്നത്. അതുതന്നെ പലതരം സ്വാധീനങ്ങളാൽ കാലക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. വിരലിലെണ്ണാവുന്ന ഉന്നത രാഷ്ട്രീയനേതാക്കളെ അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.
അതുതന്നെ അവർ പ്രതിപക്ഷത്തായിരിക്കുമ്പോൾ മാത്രം.ചുരുക്കത്തിൽ, ഒരു വശത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും മുന്നറിയിപ്പുകളും കോടതി നിരീക്ഷണങ്ങളും ഉത്തരവുകളും പ്രവഹിക്കുമ്പോൾ മറുവശത്ത് അഴിമതിയും നിർബാധം നടക്കുന്നു. സ്വന്തക്കാർ ചെയ്യുന്നതൊന്നും അഴിമതിയല്ല, എതിരാളികൾ ചെയ്യുന്നതു മാത്രമാണ് അഴിമതിയെന്നാണ് പൊതുവേ നമ്മുടെ സമൂഹത്തിലെ മനോഭാവം.
അതനുസരിച്ചുള്ള ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളും കാപ്സൂളുകളും ഒഴുകിക്കൊണ്ടേയിരിക്കും. ഒറ്റതിരിഞ്ഞ ചില കോടതിവിധികളിലും കൂട്ടംതെറ്റിയ ചില ഭരണാധികാരികളുടെ ധീരമായ ഇടപെടലുകളിലും മാത്രം ആശ്വാസം കൊള്ളാനാണ് സാധാരണ ജനങ്ങളുടെ വിധി.
അഞ്ഞൂറ് കൊടുത്താലും വേണ്ടില്ല, കാര്യം വേഗം നടക്കണം എന്ന മനോഭാവമുള്ള സമൂഹത്തിൽനിന്ന് അഴിമതി പൂർണമായും തുടച്ചുനീക്കാനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. മനോഭാവത്തിലെ മാറ്റവും ഇച്ഛാശക്തിയുള്ള ഭരണകൂടവും മൂല്യബോധമുള്ള ഭരണസംവിധാനങ്ങളും വന്നേ തീരൂ. അതിനായി നിരന്തരം ശബ്ദമുയർത്തി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ കർത്തവ്യം. അതിലേക്കുള്ള ഇന്ധനമാകട്ടെ ഇത്തരം കോടതിപരാമർശങ്ങൾ.
“കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു” (പുറപ്പാട് 23:8) എന്ന വചനത്തിന് ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടുന്നില്ല.
