ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്. ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല.
ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ കിരാത നിയമത്തോളം ഭയജനകമായിരിക്കുന്നു.
രാജസ്ഥാനിൽ ചൊവ്വാഴ്ച ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിൽ, ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, കൂട്ട മതപരിവർത്തനത്തിന് സ്വത്ത് കണ്ടുകെട്ടൽ എന്നിവയടക്കമുള്ള കടുത്ത ശിക്ഷകളാണുള്ളത്. അതേസമയം, പൂർവികമതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയിൽനിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. പൂർവികമതത്തിലേക്കുള്ള മടക്കമെന്നാൽ ‘ഘർ വാപ്പസി’ ആണെങ്കിൽ, ഹിന്ദുമതത്തിലേക്കല്ലാതുള്ള മതപരിവർത്തനങ്ങളെല്ലാം നിരോധിച്ചിരിക്കുന്നുവെന്നർഥം.
മതപരിവർത്തനത്തിനായി ഉപയോഗിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനും നിയമവിരുദ്ധ മതപരിവർത്തനത്തിനായി നടത്തുന്ന വിവാഹങ്ങൾ റദ്ദാക്കാനും വകുപ്പുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ അവതരിപ്പിച്ച സമാനമായ ബില്ലിനു പകരം കൂടുതൽ കർക്കശമായ മറ്റൊന്നു കൊണ്ടുവരികയായിരുന്നു. ഇതോടെ ഒഡീഷ, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം നടപ്പായി.
ബില്ലിലെ അതീവ അപകടകരമായ മറ്റൊരു വകുപ്പ് ശ്രദ്ധിക്കാതെ പോകരുത്. ഈ നിയമത്തിനോ അതു പ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ കേസോ പ്രോസിക്യൂഷനോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ല. അതായത്, നിയമം ദുരുപയോഗിച്ചാലും സദുദ്ദേശ്യത്തോടെയാണെന്ന ഒറ്റ മറുപടിയിൽ നിയമ പരിരക്ഷ ലഭിക്കും.
വ്യക്തിവിദ്വേഷം തീർക്കാൻപോലും പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരേ മതനിന്ദ, പ്രവാചകനിന്ദ, ദൈവദൂഷണം തുടങ്ങിയ വ്യാജ ആരോപണങ്ങളെ ഉപയോഗിക്കുന്നതിന്റെ ഇന്ത്യൻ പതിപ്പ്! ട്രെയിനിലോ ബസിലോ പൊതു ഇടങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ഉൾപ്പെടെ എവിടെയും അക്രമവും ആൾക്കൂട്ട വിചാരണകളും എളുപ്പമായി. കന്യാസ്ത്രീകൾക്കു ജാമ്യം കിട്ടിയതൊക്കെ പഴങ്കഥയാകും. സംഘപരിവാർ ആൾക്കൂട്ടങ്ങളുടെ ‘സദുദ്ദേശ്യ’ത്തിന് നിയമ പരിരക്ഷയും! മതപരിവർത്തനങ്ങൾ നിർബന്ധിതമാണോയെന്ന് കംഗാരു കോടതികൾ തീരുമാനിക്കും.
ഉത്തർപ്രദേശിനെ മാതൃകയാക്കി അടുത്തയിടെ ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമത്തിൽ വരുത്തിയ ഭേദഗതി നടുക്കുന്നതാണ്. ഡിജിറ്റൽ മാർഗങ്ങളിലൂടെ ഉൾപ്പെടെ ഒരു തരത്തിലും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുത്. സമ്മാനങ്ങള്, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയവ മാത്രമല്ല; സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള് പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ബിജെപി സർക്കാരുകൾ ചുട്ടെടുക്കുന്ന ഇത്തരം നിയമങ്ങൾക്ക് പാർശ്വഗുണങ്ങളുമുണ്ട്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി വർഗീയ വികാരങ്ങളെ കെടാതെ സൂക്ഷിക്കാം. ന്യൂനപക്ഷ വിരുദ്ധതയുടെ ഇന്ധനമാകേണ്ട വെറുപ്പും വിദ്വേഷവും നിഷ്കളങ്ക മനസുകളിലും കുത്തിവയ്ക്കാം. വർധിച്ചുവരുന്ന സന്പന്ന-ദരിദ്ര അന്തരങ്ങളെ മറന്നുറങ്ങാനുള്ള മയക്കുമരുന്നാക്കാം. അതൊക്കെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യാനികൾ ഇത്ര കാലമായിട്ടും മൂന്നു ശതമാനം പോലുമില്ലല്ലോ, മതപരിവർത്തനമല്ല വിദ്യാഭ്യാസ-ആതുര ശുശ്രൂഷകളാണ് നടത്തുന്നത്, ഞങ്ങളല്ല അവരാണ് മതപരിവർത്തനം നടത്തുന്നത്… തുടങ്ങിയ മറുപടികളിലേക്ക് പലരും ഒതുങ്ങി.
സ്വന്തം ഇഷ്ടപ്രകാരം മതം മാറിയാൽ എന്താണു കുഴപ്പമെന്നു ചോദിക്കാൻ ഭരണഘടന നൽകിയ അവകാശങ്ങളെ ന്യൂനപക്ഷങ്ങൾതന്നെ കൈയൊഴിയുന്നു. ഭയം വ്യാപിച്ചു. ഭരണഘടനയുടെ 25-ാം വകുപ്പിൽ ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്രകാരം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നിരിക്കെ, പലയിടങ്ങളിലും ന്യൂനപക്ഷങ്ങൾക്കു മതചിഹ്നങ്ങളോ സന്യസ്തവേഷമോ ധരിച്ച് യാത്ര ചെയ്യാനാകുന്നില്ല. ക്രിസ്മസും ഈസ്റ്ററുമൊക്കെ എങ്ങനെ ആചരിക്കണമെന്ന് ഹിന്ദുത്വ തിട്ടൂരമിറക്കുന്നു. ആരാധനാലയങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുന്നു. വർഗീയസംഘങ്ങൾ നിയമം കൈയിലെടുക്കുന്പോൾ പോലീസും സർക്കാരും കാഴ്ചക്കാരായി നിൽക്കുന്നു. ഇതിനൊക്കെയുള്ള നിയമപരിരക്ഷയായിട്ടുണ്ട് മതപരിവർത്തന നിരോധന നിയമങ്ങൾ.
65,000 വർഷങ്ങൾക്കുമുന്പ് ആഫ്രിക്കയിൽനിന്നു ഹോമോസാപ്പിയൻസ് കുടിയേറുന്പോഴും ഇന്ത്യാ പ്രദേശത്ത് ആദിമനിവാസികളുണ്ടായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ. കുടിയേറ്റക്കാരിൽ ഒരു വിഭാഗം, തങ്ങളാണ് യഥാർഥ ഇന്ത്യക്കാരെന്നും തങ്ങളുടേതാണ് പൂർവികമതം എന്നുമൊക്കെ അവകാശപ്പെടുന്ന മണ്ടത്തരങ്ങൾക്ക് ഒരു നരവംശശാസ്ത്ര ബലവുമില്ല. ആദിവാസികളും ദളിതരുമൊക്കെ ഹിന്ദുമതത്തിൽ പെട്ടവരാണെന്നതിന്റെ അയുക്തികൾ വേറെ. പക്ഷേ, വർഗീയതയ്ക്കെന്തു യുക്തി!
നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകൾ പോലെ, ഭരണഘടനയ്ക്കു സമാന്തരമായി മതഭരണം നടത്താനുള്ള നിയമനിർമാണ സഭകളുടെ ബൈപാസ് സർജറികളെ പ്രതിരോധിക്കാൻ സഭ ബഹിഷ്കരിക്കലും പ്രസ്താവനകളും മൗനജാഥകളും സൗഹൃദ സന്ദർശനങ്ങളും മതിയോയെന്ന് പ്രതിപക്ഷവും മതേതര പ്രസ്ഥാനങ്ങളും ന്യൂനപക്ഷ നേതൃത്വങ്ങളും ഇനിയെങ്കിലും ചിന്തിക്കണം. ഹൈന്ദവരിലെ ന്യൂനപക്ഷമായ ഹിന്ദുത്വർക്കും ബിജെപിയുടെ പുകമറപ്പുരകളിൽ ഉണ്ടുറങ്ങുന്ന ന്യൂനപക്ഷ ഇടനിലക്കാർക്കും അവരുടെ കെണിയിലായ നിഷ്കളങ്കർക്കുമൊഴിച്ചാൽ ആർക്കാണ് മതേതരത്വ ഭരണഘടന വേണ്ടാത്തത്!
12 സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വായ പിളർന്നു നിൽക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ തടയാൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ചുള്ള നിയമനടപടികളാണ് ആവശ്യം. നിശ്ചയദാർഢ്യത്തോടെയുള്ള രാഷ്ട്രീയവും അനിവാര്യമായിരിക്കുന്നു. ആരെയാണു കാത്തിരിക്കുന്നത്?