അടുത്തയിടെ, ഒരു സ്വർണക്കടയുടെ പരസ്യത്തിനുവേണ്ടി കണ്ഠാഭരണവും അണിഞ്ഞ് സ്ത്രൈണഭാവത്തോടെ നിൽക്കുന്ന മോഹൽലാൽ ആരെയും കൊതിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അംഗീകാരങ്ങളുടെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുകഴിഞ്ഞ ലാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും കണ്ഠാഭരണമാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കാണ് 2023ലെ ഫാൽക്കെ അവാർഡ്. പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി… മലയാളസിനിമയുടെ സ്പിരിറ്റായി… മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം!
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം ഫാൽക്കെ അവാർഡ് ഒരിക്കൽകൂടി മോഹൻലാലിലൂടെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ, 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷൻ ബഹുമതികൾ എന്നിവയ്ക്കു പിന്നാലെയാണ് ഫാൽക്കെ കിരീടധാരണം. 1960 മേയ് 21നായിരുന്നു ലാലിന്റെ ജനനം. 1978ൽ 18-ാത്തെ വയസിൽ സിനിമയിലെ ജനനം. അക്കൊല്ലം, കൊല്ലത്തെ കൃഷ്ണ തിയറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് പെട്ടിയിലായ ‘തിരനോട്ടം’ എന്ന ചിത്രത്തിലായിരുന്നു ആദ്യാഭിനയം
. പ്രീഡിഗ്രി പഠനകാലത്ത് കൂട്ടുകാരുമൊത്ത് നിർമിച്ച ആ ചിത്രത്തിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പനെന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്. 1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിച്ചതു വില്ലനായിട്ടായിരുന്നു. പക്ഷേ, പിറന്നത് നായകനായിരുന്നു. തൊട്ടടുത്ത വർഷം എട്ടു സിനിമകളിൽ വേഷമിട്ടു.
82ൽ 14ഉം 83ൽ 26ഉം സിനിമകളിൽ അഭിനയിച്ച ലാൽ, ലാലേട്ടനായി വളരുകയായിരുന്നു. ഹിന്ദി ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം മികവ് തെളിയിച്ചു. സിനിമയ്ക്കു പുറമേ നാടകം, സിനിമ വ്യവസായം, നിർമാണം, സംവിധാനം, പരസ്യചിത്രങ്ങൾ, ഗാനാലാപനം തുടങ്ങിയ രംഗങ്ങളിലും മികവ് തെളിയിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ, പഞ്ചാഗ്നിയിലെ റഷീദ്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, നാടോടിക്കാറ്റിലെ ദാസൻ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപി, പാദമുദ്രയിലെ മാതുപ്പണ്ടാരവും കുട്ടപ്പനും, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ, ഇരുവരിലെ ആനന്ദൻ, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ, തന്മാത്രയിലെ രമേശൻ നായർ, പരദേശിയിലെ വലിയകത്തു മൂസ, താഴ്വാരത്തിലെ ബാലൻ, താളവട്ടത്തിലെ വിനോദ്, സ്ഫടികത്തിലെ ആടുതോമ, തുടരും എന്ന ചിത്രത്തിലെ ബെൻസ്, ഹൃദയപൂർവത്തിലെ സന്ദീപ്… മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയാണ്. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ വാക്കുകളാണ് പ്രസക്തം:
“അർഹിച്ച ബഹുമതിയാണ് മോഹൻലാലിനു ലഭിച്ചത്. സിനിമ ജീവശ്വാസമാക്കുകയും അതിൽ ജീവിക്കുകയും ചെയ്ത യഥാർഥ കലാകാരനുള്ളതാണ് ഫാൽക്കെ അവാർഡ്. ഈ കിരീടത്തിന് ലാൽ, നിങ്ങൾ ശരിക്കും അർഹനാണ്.”എന്താണ് മോഹൻലാൽ എന്ന നടൻ എന്ന കാതലായ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെതന്നെ വാക്കുകളിലുണ്ട്. “ഇട്ടിമാണിയിൽ മാർഗംകളിയും കമലദളത്തിൽ നൃത്തവും വാനപ്രസ്ഥത്തിൽ കഥകളിയും അവതരിപ്പിച്ചപ്പോൾ ആളുകൾ ചോദിച്ചു. നിങ്ങളിതൊക്കെ പഠിച്ചിട്ടുണ്ടോയെന്ന്. ഇല്ല, പക്ഷേ, എന്റെ ഉള്ളിലുണ്ടായിരുന്ന ഇവയെ എല്ലാം ആവശ്യം വന്നപ്പോൾ ഞാൻ കണ്ടെത്തി.
ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആനന്ദവും സൗഭാഗ്യവും ഇത്തരത്തിലുള്ള പരകായ പ്രവേശങ്ങളും അതിന്റെ അനുഭവങ്ങളുമാണ്. പുരുഷനും സ്ത്രീയും ട്രാൻസ്ജെൻഡറുമുൾപ്പെടെ എല്ലാ വേഷങ്ങളും ഒറ്റ ശരീരത്തിന്റെ ചുറ്റളവിൽ അയാൾ സാധ്യമാക്കുന്നു. ഇതിനർഥം ഇവയെല്ലാം നമ്മളിലുണ്ട് എന്നാണ്.” നാലര പതിറ്റാണ്ടു പിന്നിട്ട അഭിനയ പരീക്ഷണങ്ങളിലൂടെ സാധ്യമാക്കിയ ഈ പരകായ പ്രവേശത്തിന്റെ മിന്നലാട്ടം, ലാൽ അടുത്തയിടെ അഭിനയിച്ച ജ്വല്ലറി പരസ്യത്തിലുമുണ്ട്. ഒരു നെക്ലെസ് അണിഞ്ഞ് സ്ത്രീയെപ്പോലെ നൃത്തം ചെയ്യുന്ന ലാൽ നിമിഷങ്ങൾക്കു മുന്പ് പുരുഷനായിരുന്നു. ഒടുവിലൊരു അർധനാരീശ്വരനായി പറയുന്നു, “ആരും കൊതിച്ചുപോകും.”
ദേശഭേദമില്ലാതെ ചലച്ചിത്രലോകം കൊതിച്ചുപോകുന്നൊരു വിസ്മയമാണ് മോഹൻലാൽ. എന്നിട്ടും ഈ മഹാനടനെ ലാലേട്ടൻ എന്ന് വിളിക്കാൻ മലയാളിയെന്ന സ്വത്വത്താൽ നാം അവകാശമുള്ളവരാണ്. ആ ലാഘവത്വം സിനിമാപ്രേമികൾക്ക് ഈ പുരസ്കാര വേളയെ കൂടുതൽ പ്രിയതരമാക്കുന്നു. പ്രിയപ്പെട്ട ലാൽ, വെറും 19 വർഷത്തെ സിനിമ പ്രവർത്തനത്തിലൂടെ പ്രതിഭ തെളിയിച്ച ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായ ദാദാ സാഹിബ് ഫാൽക്കെയുടെ പേരിലുള്ള പുരസ്കാരം നാളെ താങ്കളിലേക്ക് എത്തുകയാണ്.
ഈ പുരസ്കാരത്തിന്റെ ആനന്ദം സമാന്തരമായി സമ്മാനിക്കുന്ന ഉത്തരവാദിത്വഭാരം, നിങ്ങളിലുള്ളതും പുറത്തെടുക്കാനിരിക്കുന്നതുമായ സൃഷ്ടികളെ ചൂണ്ടിക്കാണിക്കുന്നുണ്ടാകാം. നിങ്ങളുടെ ദേഹീ-ദേഹ ചുറ്റളവുകളിലേക്ക് അവയെ അഭിനയക്രിയകളാൽ ആവാഹിച്ചുവരുത്തുക. ആശംസകൾ! അഭിനന്ദനങ്ങൾ!