കോട്ടയം: സ്കൂളിന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്തു പണം തട്ടിയ സംഭവത്തിൽ കോട്ടയം സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തിനു പിന്നിൽ മലയാളികൾ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസിനു സൂചന ലഭിച്ചു. ഒരു വിദ്യാർഥിക്കു ചികിത്സാ സഹായമായി പണം നല്കണമെന്നാവശ്യപ്പെട്ട് മാന്നാനം കെ ഇ സ്കൂളിന്റെ ഇ മെയിൽ ഐഡി ഹാക്ക് ചെയ്താണ് പണം തട്ടിയത്.
സ്കൂളിന്റെ kescom@rediffmail.com എന്ന മെയിൽ ഹാക്ക് ചെയ്തു kescom@outlook.com എന്നീ വ്യാജ മെയിൽ ഐഡി സൃഷ്്ടിച്ചശേഷം വിദ്യാർഥിക്കു ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു ലക്ഷം രൂപ ആവശ്യമാണെന്നും എല്ലാവരും സഹായിക്കണമന്നുമുള്ള സന്ദേശം നിരവധി പേർക്ക് അയയ്ക്കുകയായിരുന്നു.
പണം നല്കാൻ താല്പര്യം പ്രകടിപ്പിച്ചവരോട് യൂണിയൻ ബാങ്കിന്റെ ഉത്തരാഖണ്ഡ് കാശിപൂർ ശാഖയിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തുടർന്നു സന്ദേശം നല്കിയത്.ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 രൂപയോളം അക്കൗണ്ടിലെത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ സന്ദേശം പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സൈബർ സെല്ലിനു പരാതി നല്കുകയായിരുന്നു. വ്യാജ സന്ദേശം വായിച്ചു ആരും പണം അയയ്ക്കരുതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8281725386 എന്ന നന്പറിൽ ബന്ധപ്പെടണമെന്നും പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അറിയിച്ചു.