ന്യൂഡൽഹി: എത്യോപ്യ അഫാർ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവതസ്ഫോടനത്തുടർന്നുണ്ടായ വിഷമയമായ ചാരം ഡൽഹിയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പുകപടലങ്ങൾ ഡൽഹിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് വടക്കൻ എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുകയും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ചാരവും പുകപടലങ്ങളും പരക്കുകയും ചെയ്തു.
അഗ്നിപർവതസ്ഫോടനത്തെത്തുടർന്ന് ആകാശത്ത് ചാരം പടർന്നതോടെ വിവിധ രാജ്യങ്ങളുടെ വിമാനസർവീസുകൾ മുടങ്ങി. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചു. വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ചില വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
അന്തരീക്ഷത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഉയർന്നുനിന്ന ചാരപ്പുകകൾ ആദ്യം ഗുജറാത്തിൽ പ്രവേശിച്ച് രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കു നീങ്ങുകയായിരുന്നു. എത്യോപ്യയിൽനിന്ന് ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും അറബിക്കടലിനു മുകളിലൂടെ പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലേക്കും ചാരം എത്തുകയായിരുന്നുവെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
നിരവധി ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസ് റദ്ദാക്കിയത്. മുൻകരുതലുകളുടെ ഭാഗമായി പതിനൊന്ന് വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്കും, ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും, ദുബായിൽ നിന്ന് ഹൈദരാബാദിലേക്കും, ദോഹയിൽ നിന്ന് മുംബൈയിലേക്കും, ദുബായിൽ നിന്ന് ചെന്നൈയിലേക്കും, ദമാമിൽ നിന്ന് മുംബൈയിലേക്കും, ദോഹയിൽ നിന്ന് ഡൽഹിയിലേക്കും, ചെന്നൈയിൽ നിന്ന് മുംബൈയിലേക്കും, ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
14 കിലോമീറ്റർ ഉയരത്തിൽ പുകപടലങ്ങൾ
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന്, ആകാശത്ത് 14 കിലോമീറ്റർ വരെ ഉയരത്തിൽ കട്ടിയുള്ള പുകപടലങ്ങൾ ഉയരുകയും നിരവധി ഗ്രാമങ്ങളെ ചാരം മൂടുകയും ചെയ്തു. ഏകദേശം 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം, രണ്ട് ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന തീവ്രമായ ഭൂമിശാസ്ത്രമേഖലയായ റിഫ്റ്റ് വാലിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 12,000 വർഷത്തിനിടെ ഹെയ്ലി ഗുബ്ബിയിൽ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു.

