ഫേസ്ബുക്ക് മുങ്ങി താഴുന്ന കപ്പലോ? ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവ്, ലാഭവും വരുമാനവും ഇടിയുന്നു, ഒരുദിവസം കൊണ്ട് സുക്കന്‍ബര്‍ഗിന് നഷ്ടമായത് കോടികള്‍, തിരിച്ചടിയില്‍ ഞെട്ടി സോഷ്യല്‍മീഡിയ വമ്പന്മാര്‍

ഒരുദിവസംകൊണ്ട് ഒരു കന്പനിക്ക് ഓഹരിവിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്റെ റിക്കാര്‍ഡ് ഇനി ഫേസ്ബുക്കിനു സ്വന്തം. 12,000 കോടി ഡോളര്‍ (8.23 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കമ്പനി സാരഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിനു വന്ന നഷ്ടം 1,600 കോടി ഡോളര്‍ (1.09 ലക്ഷം കോടി രൂപ) ആണ്.

കമ്പനിക്കു ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണു വിഷയം. ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കമ്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തില്‍ ഓഹരിവില 24 ശതമാനം താണു. അതായത് 15,100 കോടി ഡോളര്‍ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുമ്പോള്‍ വില 21 ശതമാനം താഴെയായിരുന്നു.

വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോള്‍ വിലത്തകര്‍ച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഇടിവ് 19 ശതമാനമായി. 2000 സെപ്റ്റംബറില്‍ ഇന്റല്‍ കോര്‍പറേഷനു 9,100 കോടി ഡോളറും 2008 ഒക്ടോബറില്‍ എക്‌സോണ്‍ മോബിലിന് 5,300 കോടി ഡോളറും 2013 ജനുവരി 24-ന് ആപ്പിളിന് 6,000 കോടി ഡോളറും വിപണിമൂല്യത്തില്‍ ഇടിവു വന്നിട്ടുള്ളതാണു വലിയ മുന്‍ തകര്‍ച്ചകള്‍. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതായും കന്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലുമാണു വലിയ ഇടിവ്.

Related posts