കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്ഷാദി(48)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെന്നൈ വടപളനിയില്‍ നിന്ന് ഇയാളെ പിടികൂടിയത്.
പ്രതിയെ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ചു.കേസിലെ രണ്ടാം പ്രതിയും കമ്പനി സിഇഒയുമായ ചെന്നൈ നുങ്കബാക്കം സ്വദേശി ശരവണനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി.
മുഹമ്മദ് ഷെര്‍ഷാദ് ഡയറക്ടറായ ചെന്നെയിലെ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന രണ്ട് പരാതികളിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
എളംകുളം പുതിയ റോഡ് സ്വദേശി കെ.പി.സാജു, കടവന്ത്ര കെ പി വള്ളോന്‍ റോഡ് സ്വദേശി രാകേഷ് മാധവ് എന്നിവരാണ് സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാകേഷിന്റെ കൈയിൽ 2023 സെപ്റ്റംബറില്‍ 40 ലക്ഷം രൂപയും സാജുവിന്റെ കൈയില്‍ നിന്ന് 2023 ഫെബ്രുവരിയില്‍ 10 ലക്ഷം രൂപയും ഷെര്‍ഷാദ് വാങ്ങി.
കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ 24 ശതമാനം വാര്‍ഷിക റിട്ടേണും അഞ്ച് ശതമാനം വാര്‍ഷിക ലാഭവും അഞ്ച് ശതമാനം ഓഹരിയും നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.
ലാഭവും റിട്ടേണും ലഭിക്കാത്തതിനെ തുടര്‍ന്ന് സാജുവും രാകേഷും സൗത്ത് പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സൗത്ത് പോലീസ് ചെന്നൈയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

