മുണ്ടക്കയം: മരം മുറിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ മുണ്ടക്കയം വണ്ടൻപതാലിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നൂറടിയിലധികം ഉയരമുള്ള ആഞ്ഞിലിമരം മുറിക്കുന്നതിനിടെ മുറിഞ്ഞപുഴ സ്വദേശിയായ അറയ്ക്കപ്പറമ്പിൽ തങ്കച്ചൻ (54) മരത്തിന് മുകളിൽ കുടുങ്ങുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തങ്കച്ചൻ മരത്തിന് മുകളിൽ കയർ കെട്ടി സുരക്ഷ ഉറപ്പാക്കി നിൽക്കുകയായിരുന്നു. പലതവണ മരത്തിൽ നിന്നും താഴെയിറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് നാട്ടുകാർ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ജീവനക്കാർ സ്ഥലത്തെത്തി ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായിട്ടാണ് തങ്കച്ചനെ താഴെയിറക്കിയത്.
തുടർന്ന് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഓമനക്കുട്ടൻ, ഉദ്യോഗസ്ഥരായ കെ.കെ. ശരത് ലാൽ, വിനോദ്, കെ.എസ്. ഷാരോൺ, അനീഷ് മണി, സി.എം. മഹേഷ്, സജിമോൻ ബിനു, ഹോം ഗാർഡ് വിഷ്ണു രാഘവൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.