വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളില്‍നിന്നു ഡോക്ടര്‍മാര്‍ മീന്മുളള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
പനിയുടെ കാരണം തേടി നടത്തിയ സ്കാനിംഗിലാണു കരളില്‍ തറച്ച നിലയിൽ മീന്മുളള് കണ്ടെത്തിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണു പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടിയത്.
സാധാരണയുളള പനിയെന്നു കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന് വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്.
പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസിലാക്കിയ ഡോക്ടര്‍ പെറ്റ് സ്കാന്‍ നിര്‍ദേശിച്ചു. വയറ്റില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തിലെ ഡോ. വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ എന്തോ വസ്തു കണ്ടെത്തിയത്.
തുടര്‍ന്ന് ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു.ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്മുള്ള് അകത്തു പോയ വിവരം രോഗിയും അറിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് യുവാവ് വീട്ടിലേക്ക് മടങ്ങി.
പെറ്റ് സ്കാന്‍ നടത്തിയതാണ് ജീവനുപോലും ഭീഷണിയാകുന്ന കരളിലെ പഴുപ്പ് കണ്ടെത്താന്‍ സഹായകമായതെന്ന് ഡോ. ശാലിനി ബേബി ജോണ്‍ പറഞ്ഞു.

