കടുത്തുരുത്തി: മീൻ വേണോ, ഒരു കോൾ അല്ലേൽ ഒരു മെസേജ് ഏതായാലും മതി, പിടക്കണ മീൻ വീട്ടുമുറ്റത്തെത്തും.
കോവിഡ് മലയാളിയുടെ ശീലങ്ങളെ മാറ്റാൻ തുടങ്ങിയിട്ട് വർഷം ഒന്നു പിന്നിട്ടു. മലയാളിയും മനസില്ലാ മനസോടെയെങ്കിലും പുത്തൻ ശീലങ്ങളും അനുഭവങ്ങളുമായി സമരസപ്പെട്ടു.
കടുത്തുരുത്തി മാർക്കറ്റിലെത്തി മീനും സമീപത്തെ പലചരക്കു സാധനങ്ങളും വാങ്ങിപ്പോകുന്ന വീട്ടമ്മമാരും മാർക്കറ്റിലെ ബഹളവുമെല്ലാം അന്യമാവുകയാണ്.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതോടെ മീൻ വിൽപനക്കാരെല്ലാം കച്ചവടം ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയാക്കി.
ഒരു വർഷത്തിലധികമായി കടുത്തുരുത്തി മാർക്കറ്റിൽ മീൻ കച്ചവടം നടത്തുന്ന ബിജു പുന്നക്കുഴിയും ജോണി അരുണാശേരിയും ഇന്ന് സ്കൂട്ടറിൽ ആവശ്യക്കാർക്ക് മീൻ വീടുകളിലെത്തിച്ചാണ് മത്സ്യവ്യാപാരം നടത്തുന്നത്.
രാവിലെ എട്ടിന് മാർക്കറ്റിലെ സ്റ്റാളിൽ എത്തിക്കുന്ന മീൻ ഏതെല്ലാമെന്നു ചിത്രവും കിലോയ്ക്കു വരുന്ന വിലയും വ്യക്തമാക്കി വാട്സാപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകും.
ആവശ്യക്കാർ ഇതിനോട് പ്രതികരിക്കുന്ന മുറയ്ക്കു മീൻ വൃത്തിയാക്കി വീട്ടിലെത്തിക്കും. ഇതിനായി അധിക ചാർജുകൾ ഒന്നുംതന്നെ വാങ്ങുന്നില്ലെന്ന് ഇരുവരും പറഞ്ഞു.
കടുത്തുരുത്തി ടൗണിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഇത്തരത്തിൽ ഇരുവരും ചേർന്ന് മീൻ എത്തിച്ചു നൽകുന്നു. വാഹനങ്ങളിൽ മീൻ വീടുകളിൽ എത്തിച്ചു നൽകുന്പോൾ ഇന്ധന ചെലവ് ഇനത്തിൽ തങ്ങൾക്ക് സാന്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ട്.
എന്നാൽ, മഹാമാരിയുടെ കാലത്ത് പൊതു ഇടങ്ങളിലേക്ക് ജനങ്ങൾ കൂടുതലായി എത്തുന്നത് തടയാനായി നടത്തുന്ന ഇടപെടൽ സമൂഹ നന്മയ്ക്കായതിനാൽ സ്വകാര്യനഷ്ടം നാടിന്റെ കരുതനിലാണെന്ന ആത്മസംതൃപ്തിയിലാണ് ഇവർ ഇരുവരും.