വണ്ണപ്പുറം: മോഷ്ടാക്കളെ പിടി കൂടാത്ത പോലീസിനെ വിമർശിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് പിന്നാലെ പ്രശംസയുമായി ബോർഡ് പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ ചർച്ചയായി.
വണ്ണപ്പുറം മേഖലയിൽ മോഷണം പെരുകിയ സാഹചര്യത്തിൽ യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയാണ് പോലീസിനെ വിമർശിച്ച് ഫ്ളക്സ് സ്ഥാപിച്ചത്. എന്നാൽ ഇന്നലെ രാവിലെ വണ്ണപ്പുറം ടൗണിൽ പ്രത്യക്ഷപ്പെട്ട അഭിനന്ദന ബോർഡ് ആരാണ് സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ഇതു ചർച്ചയായത്.
കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണപരന്പരയാണ് അരേങ്ങേറിയത്. നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ചൊവ്വാഴ്ച രാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളെ അന്പലപ്പടി ബസ് സ്റ്റാൻഡിൽനിന്നു പോലീസ് പിടികൂടി. ഇതിനു പിന്നാലെയാണ് വണ്ണപ്പുറം ടൗണിൽ പോലീസിനെ അഭിനന്ദിച്ച് ബോർഡ് പ്രത്യക്ഷപ്പെട്ടത്.