ഭോപ്പാൽ: കാലവർഷക്കെടുതിയിൽ ഇതുവരെ 252 പേർ മരിച്ചതായി മധ്യപ്രദേശ് സർക്കാർ. മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 432 മൃഗങ്ങളും 1,200 കോഴികളും ചത്തു.
സംസ്ഥാനത്തുടനീളം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 3,628 പേരെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കണക്കുകൾ പുറത്തുവിട്ടത്.
53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,065 പേർ നിലവിൽ കഴിയുന്നുണ്ടെന്നും ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ, വസ്ത്രം തുടങ്ങിയ അവശ്യ സേവനങ്ങൾ ഈ ക്യാമ്പുകൾ നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് 3,600 കോടി രൂപ അനുവദിച്ചു. ഇതിൽ 28.49 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇതിനകം വിതരണം ചെയ്തു.
ഭോപ്പാൽ, ഗ്വാളിയർ, ജബൽപൂർ, ധാർ എന്നിവിടങ്ങളിൽ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. മഴയിൽ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആകെ 128 വീടുകൾ പൂർണമായും 2,333 വീടുകൾ എണ്ണം ഭാഗികമായും തകർന്നു. മഴയെത്തുടർന്ന് ഏകദേശം 254 ഗ്രാമീണ റോഡുകളും തകർന്നു.