കൊച്ചി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ദൈനംദിന ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കും. വിദ്യാര്‍ഥികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാനുമുള്ള കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഉപജില്ലാ തലത്തില്‍നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും.
വിദ്യാര്‍ഥികള്‍ക്ക് പോഷക ഭക്ഷണമാണോ നല്‍കുന്നതെന്ന് നിരീക്ഷിക്കാന്‍ നുണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍മാര്‍, നൂണ് മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദര്‍ശിക്കും. പാചകത്തിന് എണ്ണ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫോര്‍ട്ടിഫൈഡ് അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ എണ്ണ(വിറ്റാമിന്‍ എ, ഡി. എന്നിവ അടങ്ങിയത്), ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കും. സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം പാചകം ചെയ്യാന്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തെ വിദ്യാര്‍ഥികളില്‍ അമിതവണ്ണം കൂടിവരുന്നുണ്ടെന്ന് പരീക്ഷ പേ 2025 , മന്‍കീ ബാത്ത് എന്നീ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ച കാര്യവും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമിത അളവിലുള്ള എണ്ണ ഉപയോഗം ഹൃദ്രോഗം, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകും. സംസ്കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാര പാനീയങ്ങളുടെയും ഉപയോഗം പൊണ്ണത്തടി, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നീ രോഗങ്ങളിലേക്ക് നയിക്കുന്നു. വിദ്യാര്‍ഥികള്‍ എണ്ണ ഉപയോഗത്തില്‍ ശ്രദ്ധിക്കണമെന്നും എണ്ണയില്‍ പൊരിച്ചെടുക്കുന്നവയ്ക്ക് പകരം ആവിയില്‍ വേവിച്ചതും ഗ്രില്‍ ചെയ്തവയും ശീലമാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കുട്ടികളിലെ അമിത കലോറി എരിച്ചുകളയാന്‍ യോഗ, വ്യായാമം എന്നിവയ്ക്കും പ്രാധാന്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
സീമ മോഹന്‍ലാല്‍